'കിഫ്ബിയെ തകർക്കാൻ ശ്രമം', ബജറ്റിൽ സിഎജിക്കും ധനകാര്യകമ്മീഷനും രൂക്ഷവിമർശനം

സിഎജിക്ക് എതിരെ രൂക്ഷവിമർശനമുയർത്തിയ ധനമന്ത്രി തോമസ് ഐസക് 15000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ നടപ്പ് വർഷം തന്നെ പൂർത്തിയാക്കുമെന്നും പ്രഖ്യാപിച്ചു. 15-ാം ധനകാര്യകമ്മീഷനെതിരെയും ആഞ്ഞടിച്ചു ഐസക്.

kerala budget 2021 thomas issac against against cag

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സമഗ്രവികസനം ലക്ഷ്യമിട്ട് വിപുലപ്പെടുത്തിയ കിഫ്ബിയെ തകർക്കാനാണ് കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ ശ്രമിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക്. കിഫ്ബിക്ക് എതിരായ സംഘടിതനീക്കങ്ങൾ ചില കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്തരം ഒരു നീക്കവും നടപ്പാവാൻ പോകുന്നില്ലെന്ന് പ്രഖ്യാപിച്ച ഐസക് 15000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ നടപ്പ് വർഷം തന്നെ പൂർത്തിയാക്കുമെന്നും വ്യക്തമാക്കി.

സംസ്ഥാനത്തെ സർവകലാശാലകളിലെ പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കാൻ കിഫ്ബി വഴി രണ്ടായിരം കോടി രൂപ നീക്കി വയ്ക്കും. ഇവയിലെല്ലാം പുതിയ കോഴ്സുകൾ അനുവദിക്കും. പുതിയ 30 ഓട്ടോണമസ് കേന്ദ്രങ്ങൾ സർവകലാശാലകളുടെ കീഴിൽ തുടങ്ങും - ധനമന്ത്രി അറിയിച്ചു. 

കിഫ്ബിക്ക് എതിരായ സംഘടിതനീക്കങ്ങളുടെ ഭാഗമാണ് 2019- 20-ലെ ഫിനാൻസ് അക്കൗണ്ട്സ് റിപ്പോർട്ടെന്ന് ഐസക് ബജറ്റ് പ്രസംഗത്തിലും ആവർത്തിക്കുന്നു. ''1999- മുതൽ നിലവിലുണ്ടായിരുന്നതും സഭ രണ്ട് തവണ ചർച്ച ചെയ്ത് പാസ്സാക്കിയതുമായ നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ചതെങ്ങനെയാണ്? ഇത്തരം പരാമർശങ്ങൾ കരട് റിപ്പോർട്ടിലുണ്ടായിരുന്നില്ല. സംസ്ഥാനസർക്കാരിന് വിശദീകരണത്തിന് അവസരം നിഷേധിക്കുകയും ചെയ്തു. ഇത് രാജ്യത്തെ ഓഡിറ്റ് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണ്. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ച കാലം മുതലുണ്ടായിരുന്ന ട്രഷറി സേവിംഗ്സ് ബാങ്കിനെതിരെയും ഇതേ കോണുകളിൽ നിന്ന് നീക്കങ്ങൾ നടക്കുന്നുണ്ട്. ഇവയെല്ലാം കേരളം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണം'', ഐസക് പറയുന്നു. 

''സംസ്ഥാനങ്ങളുടെ വായ്പകൾക്ക് മേൽ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ പതിനഞ്ചാം ധനകാര്യകമ്മീഷൻ ശ്രമിക്കുമോ എന്ന ആശങ്കയും പ്രബലമാണെന്നും ഐസക് പറയുന്നു. കൂടുതൽ കർക്കശമായ ധനഉത്തരവാദിത്ത നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. ഇതെല്ലാം നമ്മുടെ ധനസ്ഥിതിക്ക് മേൽ ഡെമോക്ലിസിന്‍റെ വാൾ പോലെ തൂങ്ങി നിൽക്കുകയാണ്. പ്രതിസന്ധികാലത്ത് ഇത്തരത്തിൽ കർക്കശമായ നിയമങ്ങൾ നടപ്പാക്കുന്നത് സംസ്ഥാനങ്ങൾക്ക് പ്രതിസന്ധിയാവുകയാണ്'', എന്ന് ഐസക്. 

Latest Videos
Follow Us:
Download App:
  • android
  • ios