'അതെ, കുറച്ച് ഞെരുക്കമുണ്ട്, എങ്കിലും 5 ഗ്യാരണ്ടികളിൽ വിട്ടുവീഴ്ചയില്ല'; പ്രതിസന്ധി സമ്മതിച്ച് സിദ്ധരാമയ്യ
കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലെയും തെലങ്കാനയിലെയും സർക്കാരുകൾക്ക് ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതുമൂലം ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ കഴിയുന്നില്ലെന്ന ബിജെപിയുടെ ആരോപണവും അദ്ദേഹം തള്ളി.
ബെംഗളൂരു: പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരണ്ടികൾ നടപ്പാക്കിയതിനാൽ സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാൽ പദ്ധതികൾ അഞ്ച് വർഷത്തേക്ക് നിർത്തില്ലെന്നും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നടപ്പാക്കാൻ കഴിയുന്ന വാഗ്ദാനം നൽകണമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാർട്ടിയുടെ സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
2024-25 ബജറ്റിൽ വികസന പ്രവർത്തനങ്ങൾക്കായി 1.20 ലക്ഷം കോടി വകയിരുത്തി. അതിൽ 56,000 കോടി രൂപ ഗ്യാരൻ്റിക്കും 60,000 കോടിയിലധികം വികസന പ്രവർത്തനങ്ങൾക്കുമാണ് മാറ്റിവെച്ചത്. ഗ്യാരന്റി പദ്ധതികൾ സ്വാഭാവികമായും സംസ്ഥാന ഖജനാവിന് ഭാരമാകും. പക്ഷേ, ഞങ്ങൾ വികസന പ്രവർത്തനങ്ങൾ നിർത്തില്ലെന്നും എല്ലാ ചെലവുകളും വഹിക്കുമെന്നും സിദ്ധരാമയ്യ ദേശീയമാധ്യമമായ നൽകിയ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഉറപ്പുകൾ നടപ്പാക്കിയാൽ കർണാടക സർക്കാർ പാപ്പരാകുമെന്നും വികസന പ്രവർത്തനങ്ങൾക്ക് പണമുണ്ടാകില്ലെന്നും നരേന്ദ്ര മോദി രാജസ്ഥാനിൽ പ്രസ്താവന നടത്തി. 2023 മേയിൽ ഞങ്ങൾ അധികാരത്തിൽ വന്നു. എല്ലാ ഗ്യാരണ്ടി സ്കീമുകളും പൂർണ്ണമായി നടപ്പാക്കിയെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഖാർഗെയുടെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലെയും തെലങ്കാനയിലെയും സർക്കാരുകൾക്ക് ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതുമൂലം ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ കഴിയുന്നില്ലെന്ന ബിജെപിയുടെ ആരോപണവും അദ്ദേഹം തള്ളി.