പഠിത്തം അവസാനിപ്പിച്ച് സ്റ്റാർട്ടപ്പിലേക്ക്; 1,000 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ഈ കൗമാരക്കാർ
പതിനേഴാം വയസ്സിൽ സംരഭത്തിലേക്ക്. കൊവിഡ് മഹാമാരി സമയത്ത് അവശ്യ സാധനങ്ങളുടെ ഡെലിവറിയിൽ തുടങ്ങി. ഇന്ന് സമ്പന്ന പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകർ
ഐഐഎഫ്എൽ വെൽത്ത്-ഹുറുൺ ഇന്ത്യയുടെ സമ്പന്ന പട്ടികയിൽ ഇടംനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ സംരംഭകരായി ക്വിക്ക് ഡെലിവറി സ്റ്റാർട്ടപ്പായ സെപ്‌റ്റോയുടെ സഹസ്ഥാപകരായ കൈവല്യ വോഹ്‌റയും ആദിത് പാലിച്ചയും. 1000 കോടി ക്ലബ്ബിൽ കയറിയ കൈവല്യ പട്ടികയിൽ 1036-ാം സ്ഥാനത്താണ്. 950-ാം സ്ഥാനത്താണ് ആദിത് പാലിച്ച.
1000 കോടിയാണ് കൈവല്യ വോഹ്‌റയുടെ ആസ്തി. ആദിത് പാലിച്ചയുടെ ആസ്തി 1,200 കോടി രൂപയാണ്. സെപ്‌റ്റോ സ്ഥാപകരായ കൈവല്യ വോഹ്‌റയും ആദിത് പാലിച്ചയും നേരത്തെ ഇ-കൊമേഴ്‌സ് വിഭാഗത്തിൽ ഫോബ്‌സ് മാസികയുടെ "30 അണ്ടർ 30 (ഏഷ്യ ലിസ്റ്റ്)" ൽ ഇടം നേടിയിരുന്നു. ഹുറുൺ ഇന്ത്യ ഫ്യൂച്ചർ യൂണികോൺ ഇൻഡക്‌സ് 2022-ലെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റാർട്ട്-അപ്പ് സ്ഥാപകർ കൂടിയാണ് രണ്ട് യുവ സംരംഭകരും.
Read Also: ഇൻഫോസിസിനെയും വിപ്രോയെയും തള്ളി കേന്ദ്രം; മൂൺലൈറ്റിംഗ് തെറ്റല്ല
ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ വോറയെയും പാലിച്ചയെയും ഉൾപ്പെടുത്തിയത് രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ ഉയർന്നു വരുന്ന സ്വാധീനത്തെ സൂചിപ്പിക്കുന്നു. 19 കാരനായ കൈവല്യയാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. പത്ത് വർഷം മുമ്പ് ഹുറുൺ ഇന്ത്യയുടെ ഈ പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് 37 വയസ്സായിരുന്നു. എന്നാൽ ഇന്ന് ഇത് 19 വയസ്സ് ആയി മാറിയിരിക്കുന്നു. ഒരു കൗമാരക്കാരൻ സമ്പന്ന പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. ഇത് സ്റ്റാർട്ടപ്പിന്റെ വളർച്ചയാണ് കാണിക്കുന്നത്.
വോഹ്‌റയും പാലിച്ചയും സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളായിരുന്നു, എന്നാൽ അവർ കമ്പ്യൂട്ടർ സയൻസ് കോഴ്‌സ് ഉപേക്ഷിച്ച് സംരംഭകത്വത്തിലേക്ക് കടക്കുകയായിരുന്നു. കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് അവശ്യവസ്തുക്കൾ വേഗത്തിൽ സുരക്ഷിതമായി ശുചിത്വത്തോടെ ഡെലിവറി ചെയ്യാൻ രണ്ട് സുഹൃത്തുക്കളും 2021 ൽ സെപ്‌റ്റോ എന്ന സ്റ്റാർട്ടപ്പ് ആരംഭിച്ചു.
Read Also: ഇന്ത്യയിൽ 5,000 കോടി നിക്ഷേപിക്കാൻ നെസ്‌ലെ; തൊഴിലവസരങ്ങൾ വർദ്ധിക്കും
2018-ൽ ഗോപൂൾ എന്ന പേരിൽ വിദ്യാർത്ഥികൾക്കായി ഒരു കാർപൂൾ സേവനം ആരംഭിച്ചതോടെയാണ് പാലിച്ച പതിനേഴാം വയസ്സിൽ തന്റെ സംരംഭകത്വ യാത്ര ആരംഭിച്ചത്. തന്റെ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിന് മുമ്പ്, സ്വകാര്യതാ നയങ്ങളെ അടിസ്ഥാനമാക്കിയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോജക്റ്റായ പ്രൈവസിയുടെ പ്രോജക്റ്റ് ലീഡായിരുന്നു അദ്ദേഹം.