ആർബിഐയുടെ അനുമതി ലഭിച്ചു; ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇനി കോര്‍ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി
നിക്ഷേപത്തിനും വായ്പയ്ക്കും പുറമേ, പേയ്‌മെന്റ് ഗേറ്റ്‌വേ, ബാങ്ക്, പേയ്‌മെന്റ് അഗ്രഗേറ്റർ സേവനങ്ങളും ജിയോ ഫിനാൻഷ്യൽ സർവീസസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രവര്‍ത്തന വഴിയില്‍ നിര്‍ണായകമായ ചുവടുവയ്പ്പുമായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. ഇതുവരെ ബാങ്കിതര ധനകാര്യ സ്ഥാപനമായിരുന്ന (എന്‍ബിഎഫ്സി) ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇനി മുതല്‍ കോര്‍ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയായിരിക്കും. ഇതുമായി ബന്ധപ്പെട്ട റിസര്‍വ് ബാങ്കിന്‍റെ അനുമതി ലഭിച്ചതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിൽ ആണ്, ജിയോ ഫിനാൻഷ്യൽ സർവീസസ് എൻബിഎഫ്‌സിയിൽ നിന്ന് സിഐസിയിലേക്ക് മാറുന്നതിന് ആർബിഐക്ക് അപേക്ഷ സമർപ്പിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ ഓഹരിവിപണിയില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികളില്‍ മുന്നേറ്റമുണ്ടായി.
എന്താണ് കോര്‍ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി?
100 കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുള്ള ഒരു പ്രത്യേക എന്‍ബിഎഫ്സി ആണ് കോര്‍ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി. 2016 ഡിസംബർ 20-ലെ ആർബിഐ സർക്കുലർ അനുസരിച്ച്, ചില വ്യവസ്ഥകളോടെ ഓഹരികളും സെക്യൂരിറ്റികളും ഏറ്റെടുക്കുന്നതാണ് സിഐസിയുടെ പ്രധാന ബിസിനസ്സ്. കോര്‍ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനികൾക്ക് ഓഹരികൾ, ബോണ്ടുകൾ, കടപ്പത്രങ്ങൾ എന്നിവയിൽ അറ്റ ആസ്തിയുടെ 90 ശതമാനത്തിൽ കുറയാതെ നിക്ഷേപം ഉണ്ടായിരിക്കണം. 100 കോടി രൂപയിൽ കൂടുതൽ ആസ്തിയുള്ള എല്ലാ സിഐസികളും റിസർവ് ബാങ്ക് നിയന്ത്രണങ്ങൾക്ക് വിധേയമാണ്.
മിന്നും പ്രകടനവുമായി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്.
നിക്ഷേപത്തിനും വായ്പയ്ക്കും പുറമേ, പേയ്‌മെന്റ് ഗേറ്റ്‌വേ, ബാങ്ക്, പേയ്‌മെന്റ് അഗ്രഗേറ്റർ സേവനങ്ങളും ജിയോ ഫിനാൻഷ്യൽ സർവീസസ് വാഗ്ദാനം ചെയ്യുന്നുണ്ട്. 2023 ഓഗസ്റ്റ് 21-ന് ആണ് ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്. 2024 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 6% വർധിച്ച് 311 കോടി രൂപയിലെത്തി . ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ ലാഭം 294 കോടി രൂപയാണ് .