കിഴിവുകൾ വാഗ്ദാനം ചെയ്ത് വൻകിട ജ്വല്ലറിക്കാർ നടത്തുന്നത് പകൽ കൊള്ളയോ?
സ്വർണ വ്യാപാര മേഖലയിലെ കിടമത്സരം കാരണം ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നുവോ? വിവിധ ഓഫറുകൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കുകയാണോ ഇവർ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണാഭരണ വ്യാപാര മേഖലയിൽ തർക്കം. വൻകിട ജ്വല്ലറികൾ തമ്മിൽ നില നിൽക്കുന്ന കിടമത്സരം മുറുകുമ്പോൾ വഞ്ചിതരാകുന്നത് ഉപഭോക്താക്കളാണ് എന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) ആരോപിക്കുന്നു. അസോസിയേഷൻ തീരുമാനിച്ച വിലയേക്കാൾ കുറഞ്ഞ വിലയിലാണ് പല വൻകിട ജ്വല്ലറികളും നിലവിൽ വ്യാപാരം നടത്തുന്നത്.
Read Also: സ്വർണാഭരണ മേഖലയിൽ തർക്കം; വില കുറച്ച് പ്രതിഷേധിച്ച് വൻകിട ജ്വല്ലറികൾ
നിരവധി ഓഫറുകളാണ് ഉപഭോക്താക്കൾക്ക് മുൻപിലേക്ക് ജ്വല്ലറിക്കാർ വെക്കുന്നത്. എല്ലാത്തരം ഓഫറുകളും പരീക്ഷിച്ച് പരാജയപ്പെട്ട വൻകിട ജ്വല്ലറിക്കാർ വില കുറച്ചിട്ട് ഉപഭോക്താക്കളെ പണിക്കൂലിയുടെ പേരിൽ കൊള്ളയടിക്കുകയാണ് എന്ന് അസോസിയേഷൻ വ്യക്തമാക്കുന്നു. ഉപയോക്താക്കളെ വഞ്ചനാപരമായ പരസ്യങ്ങളിലൂടെ ഷോറൂമുകളിലേക്ക് എത്തിക്കുകയാണ് വൻകിട ജ്വല്ലറിക്കാർ ചെയ്യുന്നത് എന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
Read Also: ഉച്ചയ്ക്ക് വീണ്ടും വീണു; സ്വർണവില ഒറ്റ ദിവസം കൊണ്ട് 480 രൂപ കുറഞ്ഞു
ഒരു പവൻ സ്വർണ മാല വാങ്ങുമ്പോൾ, അസോസിയേഷൻ നിശ്ചയിച്ച വിലയിൽ വ്യാപാരം നടത്തുന്ന ജ്വല്ലറികൾ ഈടാക്കുന്ന വില ഇങ്ങനെയാണ്, ഇന്നത്തെ വില (4735 x 8 ) = 37880 + പണിക്കൂലി + 3% നികുതി + കാർഡ് സ്വയപിങ് ചാർജ് = 3788 രൂപ. ആകെ 41668 രൂപ നൽകണം. എന്നാൽ വൻകിട ജ്വല്ലറികൾ 44000 രൂപയിലധികം വാങ്ങി ഉപഭോക്താക്കളെ വഞ്ചിക്കുന്ന കച്ചവട രീതിയാണ് അവംലംബിക്കുന്നത് എന്ന് അസോസിയേഷൻ ചൂണ്ടികാണിക്കുന്നു.
അതായത്, ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രാവിലെ വില നിശ്ചയിച്ചതിന് ശേഷം അതിൽ നിന്നും 10 രൂപ കുറച്ചിട്ട്, തങ്ങളാണ് ഏറ്റവും വില കുറച്ച് നൽകുന്നതെന്ന് അവകാശപ്പെട്ട് ഉപഭോക്താക്കളെ ആകർഷിച്ച ശേഷം പണിക്കൂലി ഇനത്തിൽ വൻ തുക ഈടാക്കി വഞ്ചന നടത്തുകയാണ് വൻകിടക്കാർ. ചെറുകിട കച്ചവടക്കാർ 41668 രൂപയ്ക്ക് ഹാൾമാർക്ക് മുദ്ര പതിച്ച് ഒരു പവൻ സ്വർണാഭരണം നികുതി അടക്കം നൽകുമ്പോൾ വൻകിട ജ്വല്ലറി 44000 രൂപയിലധികം വാങ്ങുന്നു.
Read Also: കയറ്റം കയറി ക്ഷീണിച്ച സ്വർണവില വീണു; വിപണി നിരക്ക് ഇതാണ്
വില കൂട്ടി ബില്ല് നൽകുന്ന ഇവരിൽ ചിലർ 600 രൂപ ഡിസ്കൗണ്ട് നൽകുന്നു. മറ്റ് ചിലർ 10000 രൂപക്ക് വാങ്ങുമ്പോൾ 1000 രൂപ ഡിസ്കൗണ്ട് നൽകുന്നു. എന്നാൽ ഇതെല്ലം ഉപഭോക്താളുടെ കണ്ണിൽപൊടിയിട്ട് പകൽ കൊള്ള നടത്തി ലാഭം ഉണ്ടാക്കുകയാണ്. ഫെയർ പ്രൈസ് പ്രോമിസ് തുടങ്ങിയ എല്ലാത്തരം തട്ടിപ്പുകളും സ്വർണാഭരണ വ്യാപാര മേഖലയിൽ നടക്കുന്നു. ഉപഭോക്താക്കൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കണമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.