ഇൻസ്റ്റന്റ് മിക്‌സാണോ ഉപയോഗിക്കുന്നത്? ഇഡ്‌ലിക്കും, ദോശയ്ക്കും വില കൂടും
മിക്ക ഉപഭോക്താക്കളും നിലവിൽ ഇൻസ്റ്റന്റ് മിക്‌സ് ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്രയധികം നികുതി ചുമത്തിയാൽ ഈ ഉൽപ്പന്നങ്ങൾക്ക് 5 മുതൽ 18 ശതമാനം വരെ വില കൂടാൻ സാധ്യതയുണ്ട്.
ഇഡ്ഡലിയും ദോശയും ഉൾപ്പെടെ ഇൻസ്റ്റന്റ് മിക്‌സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണത്തിന് ഇനി കൂടുതൽ പണം ചെലവഴിക്കേണ്ടിവരും. ഇഡ്‌ലി, ദോശ, തുടങ്ങിയ ഇൻസ്റ്റന്റ് മിക്‌സുകളിൽ നിന്ന് തയ്യാറാക്കുന്ന ഭക്ഷണത്തിന് 18 ശതമാനം ജിഎസ്ടി ചുമത്താൻ തീരുമാനമായി. ഗുജറാത്ത് ആസ്ഥാനമായുള്ള കിച്ചൻ എക്‌സ്പ്രസ് ഓവർസീസ് ലിമിറ്റഡ്, ജിഎസ്ടി അഡ്വാൻസ് റൂളിംഗ് അതോറിറ്റിയുടെ തീരുമാനത്തിനെതിരെ ഉത്തരവിനായി അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചിരുന്നു. ഇതിലാണ് പുതിയ വിധി പുറത്തുവന്നിരിക്കുന്നത്, വട, ഇഡ്ഡലി, ദോശ മാവ് എന്നിവയുടെ മിശ്രിതം പൊടി രൂപത്തിലാക്കി വിൽക്കുന്നത് ഗുജറാത്തിലെ സട്ടുവിന് സമാനമാണെന്നും 5 ശതമാനം നിരക്കിൽ മാത്രമേ ജിഎസ്ടി ഈടാക്കാവൂ എന്നുമുള്ള ഹർജിയാണ് തള്ളിയത്.
ഗുജറാത്ത് അപ്പലേറ്റ് അതോറിറ്റി ഫോർ അഡ്വാൻസ്ഡ് റൂളിംഗ് (ജിഎഎആർ) ആണ് ഹർജി തള്ളിയത് . ഈ ഇൻസ്റ്റന്റ് മിക്‌സുകളിലെ ചേരുവകൾ സട്ടുവിന്റെ അതേ ജിഎസ്‌ടി നിയമങ്ങൾക്ക് കീഴിലല്ലെന്ന് ജിഎഎആർ വ്യക്തമാക്കി. ഇഡ്ഡലി, ദോശ എന്നിവയിൽ ഉപയോഗിക്കുന്ന മാവ് ഉൾപ്പെടെയുള്ള ഇൻസ്റ്റന്റ് മിക്‌സ് സട്ടു ആയി പരിഗണിക്കാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു. അതുകൊണ്ട് 18 ശതമാനം ജിഎസ്ടി ഇവക്ക് ചുമത്തണമെന്നും അതോറിറ്റി ഉത്തരവിട്ടു. ഇൻസ്റ്റന്റ് മിക്‌സ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ചേരുവകൾ ജിഎസ്ടി നിയമങ്ങൾക്ക് കീഴിൽ വരുന്നില്ലെന്നും അതോറിറ്റി നിരീക്ഷിച്ചു.
മിക്ക ഉപഭോക്താക്കളും നിലവിൽ ഇൻസ്റ്റന്റ് മിക്‌സ് ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്രയധികം നികുതി ചുമത്തിയാൽ ഈ ഉൽപ്പന്നങ്ങൾക്ക് 5 മുതൽ 18 ശതമാനം വരെ വില കൂടാൻ സാധ്യതയുണ്ട്.