ഇഞ്ചോടിഞ്ച് പോരാട്ടം, സ്വിഗ്ഗിയിലും സൊമാറ്റോയിലും സ്റ്റാറായി ബിരിയാണി, ഒരു സെക്കൻഡിൽ വിറ്റത് എത്ര?
സൊമാറ്റോയിൽ ഓരോ സെക്കൻഡിലും 3 ബിരിയാണികളും സ്വിഗ്ഗിയിൽ സെക്കൻഡിൽ 2 ബിരിയാണികളും ഡെലിവറി ചെയ്യപ്പെട്ടിട്ടുണ്ട്
സൊമാറ്റോയിലും ഒന്നാം സ്ഥാനം നേടി ബിരിയാണി. കഴിഞ്ഞ എട്ട് വർഷമായി സോമറ്റോയിൽ ഏറ്റവും കൂടുതൽ ഓർഡർ ലഭിക്കുന്ന വിഭവം ബിരിയാണിയാണ്. എല്ലാ വർഷവും സൊമാറ്റോ തങ്ങളുടെ വാർഷിക റിപ്പോർട്ട് പുറത്ത് വിടാറുണ്ട്. ഇപ്പോഴിതാ 2024ലെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. റിപ്പോർട്ട് അനുസരിച്ച്, 9 കോടിയിലധികം ഓർഡറുകൾ ആണ് ബിരിയാണി നേടിയിട്ടുള്ളത്. പിസ്സയാണ് രണ്ടാം സ്ഥാനത്ത്. 5.8 കോടി ഓർഡറുകൾ ആണ് പിസ്സ നേടിയിട്ടുള്ളത്. ഇങ്ങനെയൊക്കെ ആണെങ്കിലും 2023 നെ അപേക്ഷിച്ച് 2024 ൽ ബിരിയാണിയുടെയും പിസ്സയുടെയും വിൽപ്പനയിൽ നേരിയ ഇടിവ് സംഭവിച്ചതായി സൊമാറ്റോ റിപ്പോർട്ട് വ്യക്തമാക്കുന്നു
സൊമാറ്റോയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം ഇന്ത്യക്കാർ ഓർഡർ ചെയ്തത് 10,09,80,615 ബിരിയാണികൾ ആണ്. എന്നാൽ ഈ വർഷം അത് 9,13,99,110 ആയി കുറഞ്ഞു. ഒരു വർഷത്തിനിടെ ഏകദേശം 95 ലക്ഷം ഓർഡറുകളുടെ ഇടിവാണ് സംഭവിച്ചത്. പിസ്സയുടെ കാര്യത്തിലും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്. സൊമാറ്റോ കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ വർഷം ഇന്ത്യക്കാർ 7,45,30,036 പിസ്സകൾ ഓർഡർ ചെയ്തു. ഈ വർഷം അത് 5,84,46,908 ആയി കുറഞ്ഞു. രു വർഷത്തിനുള്ളിൽ പിസ്സ വിൽപന 20% കുറഞ്ഞു. ഇറ്റാലിയൻ ക്ലാസിക്ക് പിസ്സയുടെ വിൽപ്പന 1.6 കോടിയോളം കുറഞ്ഞു. അതേസമയം, സൊമാറ്റോ അതിൻ്റെ പ്ലാറ്റ്‌ഫോമിലൂടെ ഓർഡർ ചെയ്ത മറ്റ് വിഭവങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സൊമറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയും വാർഷിക റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. സ്വിഗ്ഗിയിലും കഴിഞ്ഞ ഒൻപത് വർഷമായി ബിരിയാണി തന്നെയാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ രണ്ടാം സ്ഥാനത്ത് പിസ്സായല്ല ദോശയാണ്. 2024 ൽ 2.3 കോടി ഓർഡറുകൾ ആന്‌ഡോസ നേടിയത്. സൊമാറ്റോയിൽ ഓരോ സെക്കൻഡിലും 3 ബിരിയാണികളും സ്വിഗ്ഗിയിൽ സെക്കൻഡിൽ 2 ബിരിയാണികളും ഡെലിവറി ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഇരു പ്ലാറ്റ്‌ഫോമുകളും നൽകുന്ന കണക്ക്