ഒരു കാലത്ത് ഹോട്ടലിൽ വെയിറ്റർ, ഇന്ന് അമേരിക്കയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒമാരിൽ വനിതകളിൽ ഒരാൾ
യുഎസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 സിഇഒമാരുടെ പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ വംശജ
സ്വന്തം പ്രയത്നത്തിൽ വെന്നിക്കൊടി പാറിച്ച നിരവധി പേരുടെ വിജയഗാഥകൾ പുതുതലമുറയ്ക്ക് പ്രചോദനമാകാറുണ്ട്. ഇപ്പോഴിതാ യുഎസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 സിഇഒമാരുടെ പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ വംശജയുടെ നേട്ടം അമ്പരപ്പിക്കുന്നതാണ്. ഒരു കാലത്ത് വെയിറ്ററായി ജോലി ചെയ്തിരുന്ന യാമിനി രംഗൻ്റെ ഇന്നത്തെ പ്രതിഫലം 2.57 മില്യൺ ഡോളർ ആണ്. അതായത് ഏകദേശം 21 കോടി രൂപ.
നിലവിൽ ഹബ്‌സ്‌പോട്ടിനെ നയിക്കുന്ന യാമിനി, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒമാരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. കോട്ടി ഇങ്കിൻ്റെ സ്യൂ നബി, ലെവി സ്ട്രോസ് ആൻഡ് കോയുടെ മിഷേൽ, ആക്‌സെഞ്ചർ പിഎൽസിയുടെ ജൂലി സ്വീറ്റ്, സിറ്റിഗ്രൂപ്പ് ഇങ്കിൻ്റെ ജെയ്ൻ ഫ്രേസർ തുടങ്ങിയ പ്രമുഖ വനിതാ സിഇഒമാർക്കൊപ്പം ബിസിനസ്സ് ലോകത്ത് യാമിനിയുടെ പേരും പ്രധാനമര്ഹിക്കുന്നു..
മികച്ച സിഇഒ ആകുന്നതിന് മുൻപ് യാമിനി രംഗൻ്റെ ആദ്യകാല ജീവിതം പ്രചോദനം നൽകുന്നതാണ്. ഇന്ത്യയിൽ ജനിച്ച യാമിനി 21-ാം വയസ്സിൽ അമേരിക്കയിലേക്കെത്തിയ വ്യക്തിയാണ്. എന്നാൽ യുഎസിലെ ആദ്യ ദിനങ്ങൾ അവർക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട യാമിനി അറ്റ്ലാൻ്റ ഫുട്ബോൾ സ്റ്റേഡിയത്തിലെ ഒരു കഫേയിൽ വെയിറ്ററായി ജോലി ചെയ്തു. കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദവും എംബിഎയും നേടിയിട്ടും ജോലി കണ്ടെത്താൻ യാമിനി പാടുപെട്ടു
2020-ൽ അവർ ഹബ്‌സ്‌പോട്ടിൽ ചീഫ് കസ്റ്റമർ എക്‌സിക്യൂട്ടീവായി ചേർന്നു. മികവുറ്റ പ്രവർത്തനം കാരണം ഒരു വർഷത്തിനുള്ളിൽ യാമിനി സിഇഒ ആയി ചുമതലയേറ്റു. ഇന്ന് യാമിനിയുടെ ആസ്തി ഏകദേശം 263 കോടി രൂപയാണ്. യുഎസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ വംശജയായ സിഇഒ എന്ന നിലയിൽ അവർ ഐടി മേഖലയിൽ മേധാവിത്തം പുലർത്തുന്നു.