ഇന്ത്യന്‍ വംശജനായ അജയ് ബാംഗ അടുത്ത ലോകബാങ്ക് പ്രസിഡന്‍റ്; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

അടുത്ത മാസം രണ്ടിന് അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്‍റായി ചുമതലയേല്‍ക്കും. അമേരിക്കയുടെ നോമിനിയായാണ് ബാംഗ സ്ഥാനത്തെത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. 

Indian Origin Ajay Banga Confirmed As Next World Bank President nbu

വാഷിംഗ്‌ടൺ: ഇന്ത്യൻ വംശജനും മുൻ മാസ്റ്റർ കാർഡ് സിഇഒയുമായ അജയ് ബാംഗയെ ലോക ബാങ്കിന്‍റെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുത്തു. ലോക ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം രണ്ടിന് അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്‍റായി ചുമതലയേല്‍ക്കും. അമേരിക്കയുടെ നോമിനിയായാണ് ബാംഗ സ്ഥാനത്തെത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. 

അജയ് ബാംഗയോടൊപ്പം പ്രവർത്തിച്ച് മുന്നോട്ടുപോകുമെന്ന് ലോക ബാങ്ക് ബോർഡ് അറിയിച്ചു. 25 അംഗ എക്സിക്യുട്ടീവ് ബോർഡ് വോട്ടെടുപ്പിലൂടെയാണ് അജയ് ബാംഗയെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുത്തത്. മാസ്റ്റർകാർഡ് സിഇഒ ആയിരുന്നു അറുപത്തിമൂന്നുകാരനായ അജയ് ബാംഗ. ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ നാമനിർദേശം ചെയ്തത്. ബാംഗ മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. 

ആരാണ് അജയ് ബംഗ?

അജയ് ബംഗ എന്നറിയപ്പെടുന്ന അജയ്പാൽ സിംഗ് ബംഗ 1959 നവംബർ 10 ന് പൂനെയിലാണ്  ജനിച്ചത്. ഷിംലയിലെ സെന്റ് എഡ്വേർഡ് സ്‌കൂളിലും ഹൈദരാബാദിലെ ഹൈദരാബാദ് പബ്ലിക് സ്‌കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അജയ് ബംഗ സെന്റ് സ്റ്റീഫൻസ് കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്തു. പിന്നീട് അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐഐഎം-എ) എംബിഎ പൂർത്തിയാക്കി.

1981-ൽ നെസ്‌ലെയിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. 13 വർഷം കമ്പനിയുടെ സെയിൽസ്, മാർക്കറ്റിംഗ്, ജനറൽ മാനേജ്‌മെന്റ് വിഭാഗങ്ങളിൽ ജോലി ചെയ്തു. പിന്നീട്, അദ്ദേഹം പെപ്‌സിക്കോയിൽ ചേർന്നു. പെപ്‌സിക്കോയിൽ 1991-ന് ശേഷമുള്ള പരിഷ്‌കാരങ്ങൾക്ക് ശേഷം ഇന്ത്യയിൽ ഫാസ്റ്റ് ഫുഡ് ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിൽ അജയ് ബംഗ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.

2010 മുതൽ ബംഗ മാസ്റ്റർകാർഡിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി  ചുമതലയേറ്റു. 2021 ഡിസംബറിൽ, മാസ്റ്റർകാർഡിന്റെ തലവനായി 12 വർഷത്തിനുശേഷം, അദ്ദേഹം സിഇഒ സ്ഥാനത്തുനിന്ന് വിരമിച്ചു. 2022 ജനുവരി 1-ന് ജനറൽ അറ്റ്ലാന്റിക് വൈസ് ചെയർമാനായി അദ്ദേഹം ചുമതലയേറ്റു.

2020-2022 വരെ ചെയർമാനായി സേവനമനുഷ്ഠിക്കുന്ന ബംഗ ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഓണററി ചെയർമാനാണ്. എക്സോറിന്റെ ചെയർമാനും ടെമാസെക്കിന്റെ സ്വതന്ത്ര ഡയറക്ടറുമാണ് അദ്ദേഹം. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിന്റെ സ്ഥാപക ട്രസ്റ്റി, അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷന്റെ ചെയർമാനുമായിരുന്നു ബംഗ.

2012-ൽ ഫോറിൻ പോളിസി അസോസിയേഷൻ മെഡൽ, 2016-ൽ ഇന്ത്യൻ പ്രസിഡന്റിന്റെ പത്മശ്രീ അവാർഡ്, എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ, 2019-ൽ ബിസിനസ് കൗൺസിൽ ഫോർ ഇന്റർനാഷണൽ അണ്ടർസ്റ്റാൻഡിംഗിന്റെ ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് എന്നിവയും ബംഗയ്ക്ക് ലഭിച്ചിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios