കൊവിഡ് 19: മാലിദ്വീപിനുള്ള പ്രത്യേക സാമ്പത്തിക സഹായം കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ
മാലിദ്വീപിന്റെ ജിഡിപിയിൽ മൂന്നിൽ രണ്ട് ഭാഗവും ടൂറിസത്തിൽ നിന്നാണ്. 2018 ഡിസംബറിൽ ഇന്ത്യ 1.4 ബില്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജ് ഈ അയൽരാജ്യത്തിന്റെ വികസനത്തിനായി പ്രഖ്യാപിച്ചിരുന്നു.
ദില്ലി: കൊവിഡിനെ തുടർന്ന് മാലിദ്വീപിനുണ്ടായ സാമ്പത്തിക തിരിച്ചടി മറികടക്കാൻ ഇന്ത്യ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കും. കൊവിഡിനെ തുടർന്ന് ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ കുറവാണ് ദ്വീപ് രാഷ്ട്രത്തിന് വൻതോതിൽ സാമ്പത്തിക ആഘാതം ഉണ്ടാക്കിയത്.
ഇതിനോടകം തന്നെ 400 ദശലക്ഷം ഡോളറിന്റെ സഹായം ഇന്ത്യ ചെയ്തിട്ടുണ്ട്. 6.2 ടൺ മരുന്നുകളും കൊവിഡിനെ ചെറുക്കുന്നതിനായി മാലിദ്വീപിലേക്ക് എത്തിച്ചിരുന്നു. ഇതിന് പുറമെ 600 ടൺ ഭക്ഷണ സാധനങ്ങളും എത്തിച്ചു.
മാലിദ്വീപിന്റെ ജിഡിപിയിൽ മൂന്നിൽ രണ്ട് ഭാഗവും ടൂറിസത്തിൽ നിന്നാണ്. 2018 ഡിസംബറിൽ ഇന്ത്യ 1.4 ബില്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജ് ഈ അയൽരാജ്യത്തിന്റെ വികസനത്തിനായി പ്രഖ്യാപിച്ചിരുന്നു. നിലവിലെ പ്രസിഡന്റ് മൊഹമ്മദ് സൊലിഹിന്റെ ദില്ലി സന്ദർശനത്തിന്റെ ഭാഗമായാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.
നേരത്തെ ചൈനീസ് അനുഭാവമുള്ള അബ്ദുള്ള യമീനാണ് മാലിദ്വീപ് ഭരിച്ചിരുന്നത്. ഈ കാലത്ത് ചൈനയോട് മൂന്ന് ബില്യൺ ഡോളറിന് ഈ ദ്വീപ് രാഷ്ട്രം കടക്കാരായി മാറി. യമീന്റെ കാലത്ത് രാജ്യത്ത് നടത്തിയ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ചൈനീസ് കമ്പനികൾക്ക് നൽകേണ്ട തുകയായിരുന്നു ഇത്. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ത്യയെയും സൗദി അറേബ്യയെയുമാണ് കൂടുതലായും മാലിദ്വീപ് ആശ്രയിച്ചത്.