ഇറക്കുമതി ഉയർന്നു, കയറ്റുമതി താഴേക്ക്; രാജ്യത്തെ വ്യാപാരക്കമ്മി 23.76 ബില്യൺ ഡോളർ
ഇന്ത്യയുടെ വ്യാപാരക്കമ്മി 23.76 ബില്യൺ ഡോളറായി ഉയർന്നു. ഒരു രാജ്യം കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇറക്കുമതി ചെയ്യുമ്പോൾ വ്യാപാര കമ്മി ഉണ്ടാകുന്നു. അതായത് ഒരു രാജ്യം വിൽക്കുന്നതിനേക്കാൾ കൂടുതൽ വാങ്ങുമ്പോൾ വ്യാപാര കമ്മി കൂടുന്നു
ദില്ലി: ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി 2022 ഡിസംബറിൽ 23.89 ബില്യൺ ഡോളറായി ഉയർന്നു. വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം മുൻ മാസത്തെ 21.10 ബില്യൺ ഡോളറിൽ നിന്നും വലിയ വർധനവാണ് ഉണ്ടായത്.
എന്താണ് വ്യാപാര കമ്മി?
ഒരു രാജ്യം കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇറക്കുമതി ചെയ്യുമ്പോൾ വ്യാപാര കമ്മി സംഭവിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു രാജ്യം വിൽക്കുന്നതിനേക്കാൾ കൂടുതൽ വാങ്ങുമ്പോൾ, അതിന് വ്യാപാര കമ്മി ഉണ്ടാകും.
2022 ഡിസംബറിൽ രാജ്യത്തിന്റെ ചരക്ക് കയറ്റുമതി 12.2 ശതമാനം ഇടിഞ്ഞ് 34.48 ബില്യൺ ഡോളറിലെത്തി, 2021 ഡിസംബറിൽ ഇത് 39.27 ബില്യൺ ഡോളറായിരുന്നു. അതേസമയം, 2022 ഡിസംബറിലെ ഇറക്കുമതി 2021 ഡിസംബറിലെ 60.33 ബില്യൺ ഡോളറിൽ നിന്ന് 58.24 ബില്യൺ ഡോളറായി കുറഞ്ഞു.
എന്നാൽ രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഉയർന്നു. ഈ സാമ്പത്തിക വർഷം ഏപ്രിൽ-ഡിസംബർ കാലയളവിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 9 ശതമാനം ഉയർന്ന് 332.76 ബില്യൺ ഡോളറിലെത്തി. ഇക്കാലയളവിലെ ഇറക്കുമതി 24.96 ശതമാനം വർധിച്ച് 551.7 ബില്യൺ ഡോളറിലെത്തി.
ആഗോള തലത്തിൽ പ്രതിസന്ധികൾ ഉണ്ടായിട്ടും ഇന്ത്യയുടെ കയറ്റുമതി ഉയർന്നെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്വാൾ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള പെട്രോളിയം ഉൽപന്നങ്ങൾക്കായി നെതർലൻഡ്‌സിലും ബ്രസീലിലും വിപണികൾ ഉണ്ടായതായി ബർത്വാൾ കൂട്ടിച്ചേർത്തു. റഷ്യ-ഉക്രെയ്ൻ യുദ്ധം കാരണം ക്രൂഡ് ഓയിൽ വളരെ കുറഞ്ഞ നിരക്കിൽ ലഭിക്കുകയും അത് ശുദ്ധീകരിച്ച് കയറ്റുമതി ചെയ്തുകൊണ്ട് ശുദ്ധീകരണ ശേഷി പരമാവധി ഉപയോഗിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിന് കീഴിലുള്ള മോസ്‌കോ ക്രൂഡ് ഓയിലിന് വാഗ്ദാനം ചെയ്ത കിഴിവുകൾ ഇന്ത്യ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിലേക്കുള്ള ഏറ്റവും മികച്ച എണ്ണ കയറ്റുമതിക്കാരിൽ ഒന്നായി റഷ്യ ഉയർന്നു.