റീട്ടെയിൽ പണപ്പെരുപ്പം ആർബിഐയുടെ വരുതിയിൽ; ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്ക്
രാജ്യത്തെ റീട്ടെയിൽ വിലക്കയറ്റം ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. ഭക്ഷ്യ വിലയിലെ ഇടിവാണ് ചില്ലറ പണപ്പെരുപ്പത്തെ കുറച്ചത്. പഴം, പച്ചക്കറി വിലകൾ കുറഞ്ഞത് പണപ്പെരുപ്പത്തെ കുറച്ചു
ദില്ലി: ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം (ചില്ലറ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം) ഡിസംബറിൽ 5.72 ശതമാനമായി കുറഞ്ഞു, നവംബറിൽ രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം 5.88 ശതമാനമായിരുന്നു. ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് റീട്ടെയിൽ പണപ്പെരുപ്പമെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിധിയിൽ രണ്ടാം മാസവും തുടരുകയാണ് റീടൈൽ പണപ്പെരുപ്പം. രണ്ട് മുതൽ ആറ് ശതമാനമാണ് ആർബിഐയുടെ പരിധി. ഒക്ടോബർ വരെ തുടർച്ചയായ പത്ത് മാസം ആർബിഐയുടെ ഉയർന്ന മാർജിനായ 6 ശതമാനത്തിന് മുകളിലായിരുന്നു രാജ്യത്തെ ചില്ലറ പണപ്പെരുപ്പം.
ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഡിസംബറിൽ 5.72 ശതമാനമായി കുറഞ്ഞു. നവംബറിൽ ഇത് 5.88 ശതമാനവും 2022 ഒക്ടോബറിൽ 6.77 ശതമാനവുമായിരുന്നു.
ഭക്ഷ്യ വില കുറഞ്ഞതാണ്, വിലക്കയറ്റം കുറയാനുള്ള പ്രധാന കാരണം. പ്രത്യേകിച്ച് പച്ചക്കറിയിലെ വിലയിടിവ്. പണപ്പെരുപ്പത്തിന്റെ ഏകദേശം 40 ശതമാനം വരുന്ന ഭക്ഷ്യവിലപ്പെരുപ്പം ഡിസംബറിൽ 4.19 ശതമാനമായി കുറഞ്ഞു. നവംബറിൽ ഇത് 4.67 ശതമാനമായിരുന്നു. ഭക്ഷ്യ വിലയിലെ ഇടിവാണ് ചില്ലറ പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ ആർബിഐയെ സഹായിച്ചത്.
2026 മാർച്ചിൽ അവസാനിക്കുന്ന അഞ്ച് വർഷ കാലയളവിലേക്ക് റീട്ടെയിൽ പണപ്പെരുപ്പം 2 ശതമാനം മുതൽ 4 ശതമാനം വരെയായി നിലനിർത്താൻ സർക്കാർ സെൻട്രൽ ബാങ്കിനെ നിർബന്ധിച്ചിട്ടുണ്ട്. അതേസമയം, മുൻവർഷത്തെ അപേക്ഷിച്ച് ഡിസംബറിൽ ഉപഭോക്തൃ വില 6.5 ശതമാനം ഉയർന്നതായി വിപണി വിദഗ്ദർ ചൂണ്ടിക്കാട്ടി.