രാജ്യത്തെ ഏറ്റവും വലിയ ഐപിഒ നടത്താനൊരുങ്ങി ഹ്യുണ്ടായ്; ഇന്ത്യൻ ഓഹരി വിപണിയിൽ ഇത്തരമൊരു ഐപിഒ ആദ്യം
ഏതാണ്ട് 20,000 കോടി രൂപയ്ക്കും - 25,000 കോടി രൂപയ്ക്കും ഇടയിലുള്ള തുക സമാഹരിയ്ക്കുന്നതിന് ലക്ഷ്യമിട്ടാണ് ഐപിഒ. ഹ്യുണ്ടായുടെ 17.5% അല്ലെങ്കിൽ 14.2 കോടി ഓഹരികൾ ആണ് ഓഹരി വിൽപനയിലൂടെ വിറ്റഴിയ്ക്കുക.
രാജ്യത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപനയ്ക്കൊരുങ്ങി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ്. ഇതിനുള്ള അപേക്ഷ ഇന്ന് സെബിയ്ക്ക് കൈമാറും. ഏതാണ്ട് 20,000 കോടി രൂപയ്ക്കും - 25,000 കോടി രൂപയ്ക്കും ഇടയിലുള്ള തുക സമാഹരിയ്ക്കുന്നതിന് ലക്ഷ്യമിട്ടാണ് ഐപിഒ. കമ്പനിയുടെ 17.5% അല്ലെങ്കിൽ 14.2 കോടി ഓഹരികൾ ആണ് ഓഹരി വിൽപനയിലൂടെ വിറ്റഴിയ്ക്കുക. എൽഐസി ആണ് രാജ്യത്തെ ഏറ്റവും വലിയ ഐപിഒ നടത്തിയ കമ്പനി. എൽഐസിയുടെ ഐപിഒ 21,000 കോടി രൂപ മൂല്യമുള്ളതായിരുന്നു.
2003ന് ശേഷം ആദ്യമായാണ് ഒരു വാഹന നിർമാതാക്കൾ ഇന്ത്യൻ ഓഹരി വിപണിയിൽ ഐപിഒ നടത്താൻ പോകുന്നത്. സെപ്തംബറോടെ ഐപിഒ നടക്കുമെന്നാണ് സൂചന. സെപ്റ്റംബറിലോ ഒക്‌ടോബറിലോ ഹ്യൂണ്ടായ്‌ക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനാകും. 2003 ജൂൺ 12-ന് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നടത്തിയ 993.35 കോടി രൂപയുടെ ഐപിഒ ആണ് ഏറ്റവുമൊടുവിലായി ഒരു വാഹന നിർമാതാവ് നടത്തിയ ഐപിഒ.
ഹ്യുണ്ടായിയുടെ വാഹന വിൽപ്പന 2024 മെയ് മാസത്തിൽ ഏഴ് ശതമാനം വർധിച്ച് 63,551 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ 59,601 വാഹനങ്ങൾ വിറ്റഴിച്ച സ്ഥാനത്താണിത്. കമ്പനിയുടെ ആഭ്യന്തര മൊത്ത വിൽപ്പന 2023 മേയിലെ 48,601 യൂണിറ്റിൽ നിന്ന് ഒരു ശതമാനം വർധിച്ച് 49,151 യൂണിറ്റായി. കയറ്റുമതി മെയ് മാസത്തിൽ 31 ശതമാനം വർധിക്കുകയും ചെയ്തു. കമ്പനി മൊത്തം 14,400 യൂണിറ്റ് വാഹനങ്ങൾ കയറ്റുമതി ചെയ്തു, കഴിഞ്ഞ വർഷം മേയിൽ ഇത് 11,000 യൂണിറ്റായിരുന്നു.
1998-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളിലൊന്നായ സാൻട്രോയുമായാണ് ഹ്യുണ്ടായ് ഇന്ത്യയിൽ പ്രവേശിക്കുന്നത്. 15% വിപണി വിഹിതമുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ കാർ കമ്പനിയാണ് ഹ്യുണ്ടായ്. വിദേശ കമ്പനിയായിട്ടും ഇന്ത്യൻ കാർ വിപണിയിൽ പിടിച്ചുനിൽക്കാനും മാരുതി പോലുള്ള കമ്പനികളോട് മത്സരിച്ചുകൊണ്ടേയിരിക്കാനും ഹ്യുണ്ടായിക്ക് സാധിച്ചു. ഫോർഡ് മോട്ടോഴ്‌സ്, ജനറൽ മോട്ടോഴ്‌സ് തുടങ്ങി നിരവധി വിദേശ കമ്പനികൾക്ക് ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയായ ഇന്ത്യയിൽ അതിജീവിക്കാൻ കഴിയാതെ പുറത്തു പോകേണ്ടി വന്ന സ്ഥാനത്താണിത്. ഇന്ന് ഇന്ത്യയിൽ വിൽക്കുന്ന ഓരോ നാല് കാറുകളിലും ഒന്ന് ഹ്യുണ്ടായിയുടേതാണ്.