കയ്യിലുള്ളത് വ്യാജനോട്ടായിരിക്കുമോ? എങ്ങനെ അറിയും; 7 എളുപ്പ വിദ്യകൾ, ഒന്ന് ശ്രദ്ധിച്ചാൽ അറിയാം! ഉപകരിക്കും
2020 ലെ കണക്ക് പ്രകാരം 190 ശതമാനം വർധനവാണ് പിടിച്ചെടുക്കുന്ന കള്ളനോട്ടുകളുടെ മൂല്യത്തിൽ ഉണ്ടായത്
2016 അവസാനം 500, 1000 നോട്ടുകൾ അസാധുവായതോടെ കള്ളനോട്ട് വ്യാപാരം വലിയ തിരിച്ചടി നേരിട്ടിരുന്നു. എന്നാൽ 2020 ലെ കണക്ക് പ്രകാരം 190 ശതമാനം വർധനവാണ് പിടിച്ചെടുക്കുന്ന കള്ളനോട്ടുകളുടെ മൂല്യത്തിൽ ഉണ്ടായത്. കള്ളനോട്ടുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ അന്വേഷണ ഏജൻസികൾക്ക് ഇപ്പോഴും വലിയ വെല്ലുവിളിയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാജ്യത്ത് ഓരോ വർഷവും പിടിച്ചെടുക്കുന്ന കള്ളനോട്ടുകളുടെ അളവ് ഞെട്ടിപ്പിക്കുന്നതാണ്. ഓരോ വർഷവും പിടിച്ചെടുക്കുന്ന കള്ളനോട്ടുകളുടെ മൂല്യം കുത്തനെ ഉയരുന്നതായാണ് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക്. വാട്ടർമാർക്ക്, അശോക സ്തംഭ ചിഹ്നം, തുടങ്ങി ഒറിജിനലിനെ വെല്ലുന്ന വിധത്തിലാണ് പലപ്പോഴും വ്യാജനോട്ടുകളിലെ പ്രിന്‍റ്. ദിവസേന നമ്മുടെ കൈകളിലെത്തുന്ന പണം കള്ളനോട്ട് ആണോ എന്നതും നോക്കേണ്ടതുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കയ്യിലുള്ളത് കള്ളനോട്ടാണോ എന്ന് തിരിച്ചറിയാൻ കഴിയും.
1. വാട്ടർമാർക്ക് നോക്കുക: എല്ലാ ഇന്ത്യൻ കറൻസി നോട്ടുകൾക്കും ഒരു വാട്ടർമാർക്ക് ഉണ്ട്, അത് വെളിച്ചത്തിൽ പിടിക്കുമ്പോൾ കാണാൻ കഴിയും. മഹാത്മാഗാന്ധിയുടെ ഛായാചിത്രമാണ് വാട്ടർമാർക്ക്, ഇത് നോട്ടിന്‍റെ ഇടതുവശത്ത് കാണാം.
2. സെക്യൂരിറ്റി ത്രെഡ് പരിശോധിക്കുക: ഇന്ത്യൻ കറൻസി നോട്ടുകളിൽ ലംബമായി ഒരു നൂൽ ഉണ്ട്. അതിൽ ആർ ബി ഐ എന്നും നോട്ടിന്‍റെ മൂല്യവും അച്ചടിച്ചിരിക്കുന്നത് കാണാം. വെളിച്ചത്തിലേക്ക് പിടിച്ചാൽ നൂൽ വ്യക്തമായി കാണാം.
3. പ്രിന്‍റിംഗ് നിലവാരം പരിശോധിക്കുക: യഥാർത്ഥ ഇന്ത്യൻ കറൻസി നോട്ടുകളുടെ അച്ചടി ഗുണനിലവാരം മികച്ചതാണ്. മൂർച്ചയേറിയതും വ്യക്തവുമായ വരകളുമാണ് കറൻസികളിലുണ്ടാവുക. വ്യാജ നോട്ടുകളിൽ മങ്ങിയ വരകളോ, പുരണ്ട മഷിയോ ഉണ്ടായിരിക്കാം.
4. സീ - ത്രൂ രജിസ്റ്റർ : ഇന്ത്യൻ കറൻസി നോട്ടുകൾക്ക് ഒരു സീ - ത്രൂ രജിസ്റ്റർ ഉണ്ട്, നോട്ടിന്‍റെ മുൻഭാഗത്തും പിന്നിലും അച്ചടിച്ച നോട്ടിന്‍റെ മൂല്യത്തിന്‍റെ ഒരു ചെറിയ ചിത്രം വെളിച്ചത്തിലേക്ക് പിടിക്കുമ്പോൾ കാണാവുന്നതാണ്.
5. മൈക്രോ - ലെറ്ററിങ്ങ്: ഇന്ത്യൻ കറൻസി നോട്ടുകളിൽ മൈക്രോ - ലെറ്ററിംഗ് ഉണ്ട്, അത്ഭൂതക്കണ്ണാടിക്ക് കീഴിൽ കാണാവുന്ന ചെറിയ എഴുത്താണ്. മൈക്രോ ലെറ്ററിംഗ് യഥാർത്ഥ നോട്ടുകളിൽ വ്യക്തവും മൂർച്ചയുള്ളതുമാണ്, പക്ഷേ വ്യാജ നോട്ടുകളിൽ ഇത് മങ്ങിയിരിക്കും.
6. പേപ്പറിന്‍റെ ഗുണനിലവാരം പരിശോധിക്കുക: ഉയർന്ന നിലവാരമുള്ള പേപ്പറിലാണ് യഥാർത്ഥ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ചിരിക്കുന്നത്, വ്യാജ നോട്ടുകൾ മിനുസമാർന്നതോ വഴുക്കലുള്ളതോ ആയിരിക്കും.
7. സീരിയൽ നമ്പർ പരിശോധിക്കുക: ഓരോ ഇന്ത്യൻ കറൻസി നോട്ടിലും ഒരു തനത് സീരിയൽ നമ്പർ പ്രിന്‍റ് ചെയ്തിരിക്കും. നോട്ടിന്‍റെ ഇരുവശത്തും സീരിയൽ നമ്പർ ഒന്നുതന്നെയാണെന്നും സൈഡ് പാനലിൽ പ്രിന്റ് ചെയ്തിരിക്കുന്ന സീരിയൽ നമ്പറുമായി അത് പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുക.