മൊബൈൽ നമ്പർ മാറിയോ? ആധാറിലും പുതിയ നമ്പർ ഈസിയായി ചേർക്കാനുള്ള വഴികൾ ഇതാ
വ്യക്തിഗതവിവരങ്ങളിൽ മാറ്റങ്ങൾ വരുമ്പോൾ പുതുക്കുകയും വേണം. അടുത്തിടെ നിങ്ങളുടെ മൊബൈൽ നമ്പർ മാറിയിട്ടുണ്ടെങ്കിൽ നിർബന്ധമായും ആധാറിലും നമ്പർ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.
ഒരു ഇന്ത്യൻ പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. പാൻ കാർഡ് ഉൾപ്പടെ നിരവധി സുപ്രധാന രേഖകളുമായി ആധാർ ബന്ധിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം, വ്യക്തിഗതവിവരങ്ങളിൽ മാറ്റങ്ങൾ വരുമ്പോൾ പുതുക്കുകയും വേണം. അടുത്തിടെ നിങ്ങളുടെ മൊബൈൽ നമ്പർ മാറിയിട്ടുണ്ടെങ്കിൽ നിർബന്ധമായും ആധാറിലും നമ്പർ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായി അടുത്തുള്ള ആധാർ സേവാ കേന്ദ്രം സന്ദർശിക്കേണ്ടതുണ്ട്. ആധാർ കാർഡിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റുന്നത് എങ്ങനെയെന്നറിയാം
ആദ്യം യുഐഡിഎഐ വെബ്‌സൈറ്റിൽ എൻറോൾമെന്റ് സെന്റർ ലൊക്കേറ്റ് ചെയ്യുക .ഇത് വഴി ഏറ്റവും അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ കണ്ടെത്താൻ കഴിയും. നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി, ആധാർ സേവാ കേന്ദ്രം സന്ദർശിക്കുക
ആധാർ എൻറോൾമെന്റ് സെന്ററിലെ, ആധാർ ഹെൽപ്പ് എക്‌സിക്യൂട്ടീവിനെ സമീപിക്കുക, മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിനാവശ്യമായ വിശദാംശങ്ങൾ എക്സിക്യൂട്ടീവ് ആണ് നൽകുക
ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ട്. തെറ്റുകൾ ഒഴിവാക്കാനായി വിവരങ്ങൾ രണ്ടുതവണ പരിശോധിക്കുക
ഫോം, ആധാർ ഹെൽപ്പ് എക്‌സിക്യൂട്ടീവിന് സമർപ്പിക്കുക, തിരിച്ചറിയൽ രേഖ, അഡ്രസ് പ്രൂഫ്, നിലവിലുള്ള ആധാർ കാർഡ് തുടങ്ങിയ രേഖകളും നിങ്ങളുടെ കൈവശം ഉണ്ടെന്ന് ഉറപ്പാക്കണം.
ആധാർ കാർഡിലെ ഫോൺ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങൾ 50 രൂപ ഫീസ് നൽകണം.
ഫീസ് അടച്ചുകഴിഞ്ഞാൽ, ആധാർ ഹെൽപ്പ് എക്‌സിക്യൂട്ടീവ് നിങ്ങൾക്ക് ഒരു സ്ലിപ്പ് നൽകും. മൊബൈൽ നമ്പർ അപ്‌ഡേറ്റ് അഭ്യർത്ഥനയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഈ യുആർഎൻ വഴി കഴിയും.
myaadhaar.uidai.gov.in എന്ന ഔദ്യോഗിക യുഐഡിഎഐ വെബ്‌സൈറ്റ് സന്ദർശിച്ച് മൊബൈൽ നമ്പർ അപ്‌ഡേറ്റിന്റെ വിവരങ്ങൾ അറിയാൻ കഴിയും. 'ചെക്ക് എൻറോൾമെന്റ്' വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് മറ്റ് വിശദാംശങ്ങൾക്കൊപ്പം നിങ്ങളുടെ യുആർഎൻ നൽകുക. ഇത് വഴി മൊബൈൽ നമ്പർ അപ്‌ഡേറ്റ് റിക്വസ്റ്റ് സംബന്ധിച്ച നിലവിലെ സ്റ്റാറ്റസ് അറിയാൻ കഴിയും