ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ ഉടനെ ചെയ്യേണ്ടത് എന്ത്? ഈ 4 കാര്യങ്ങൾ അറിഞ്ഞിരിക്കണം
യുപിഐ ഇടപാടുകളെ പോലെത്തന്നെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകൾ കുറവല്ല. അഥവാ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് എവിടെയെങ്കിലും നഷ്ടപ്പെടുകയാണെങ്കിൽ എന്തുചെയ്യും?
ക്യാഷ്‌ലെസ്സ് ഇടപാടുകൾക്ക് ഇപ്പോഴുള്ള സ്വീകാര്യത വളരെ കൂടുതലാണ്. യുപിഐ ഇടപാടുകളെ പോലെത്തന്നെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകൾ കുറവല്ല. അഥവാ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് എവിടെയെങ്കിലും നഷ്ടപ്പെടുകയാണെങ്കിൽ എന്തുചെയ്യും? ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ, അനധികൃത ഇടപാടുകൾ തടയുന്നതിന് ആദ്യം ഇത് ബ്ലോക്ക് ചെയ്യണം.
നിങ്ങളുടെ നഷ്ടപ്പെട്ട ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യുന്നതിനുള്ള രീതികൾ ഇതാ;
രീതി 1: കസ്റ്റമർ കെയറിൽ വിളിക്കുക
എല്ലാ എടിഎം കാർഡുകളുടെയും പുറകിൽ ടോൾ ഫ്രീ നമ്പർ പ്രിൻ്റ് ചെയ്തിട്ടുണ്ടാകും. നിങ്ങളുടെ കാർഡ് നഷ്ടപ്പെട്ടാൽ, ബാങ്കിൻ്റെ പേര് സഹിതം ടോൾ ഫ്രീ നമ്പർ ഗൂഗിൾ ചെയ്ത് കോൾ ചെയ്യുക. ഡയൽ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറും സമീപകാല ഇടപാടുകളും പോലുള്ള അവശ്യ വിശദാംശങ്ങൾ നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കണം.
രീതി 2: നെറ്റ്ബാങ്കിംഗ് ഉപയോഗിക്കുന്നത്
നിങ്ങളുടെ ഫോൺ വഴിയോ അല്ലാതെയോ നിങ്ങളുടെ നെറ്റ് ബാങ്കിംഗ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക. 'കാർഡ്' അല്ലെങ്കിൽ 'സേവനങ്ങൾ' വിഭാഗത്തിലേക്ക് പോയി നിങ്ങളുടെ നഷ്‌ടപ്പെട്ട കാർഡ് ബ്ലോക്ക് ചെയ്യാനുള്ള റിക്വസ്റ്റ് നൽകുക.
രീതി 3: എസ്എംഎസ്
പല ബാങ്കുകളും എസ്എംഎസ് വഴി കാർഡുകൾ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന്, നിങ്ങളുടെ ബാങ്ക് നൽകുന്ന നമ്പറിലേക്ക് "BLOCK" എന്ന് വാക്ക് എസ്എംഎസ് അയയ്ക്കുക.
രീതി 4: അടുത്തുള്ള ബാങ്ക് ബ്രാഞ്ച് സന്ദർശിക്കാം
നിങ്ങളുടെ കാർഡ് നഷ്ടപ്പെട്ടാൽ, അടുത്തുള്ള ബാങ്ക് ബ്രാഞ്ച് സന്ദർശിക്കാം. സ്ഥിതിഗതികൾ ബാങ്ക് ജീവനക്കാരെ അറിയിക്കുകയും നിങ്ങളുടെ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ കാർഡ് ഉടൻ ബ്ലോക്ക് ചെയ്യാൻ അവരോട് ആവശ്യപ്പെടുകയും ചെയ്യാം.