പോപ്‌കോണിന് ജിഎസ്ടിയായി എത്ര നൽകണം; കാരമൽ ആണെങ്കിൽ ഉയർന്ന നികുതി
ശനിയാഴ്ച നടന്ന ജിഎസ്ടി കൗൺസിൽ 55-ാമത് യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.
തിയേറ്ററിൽ പോയാൽ പോപ്‌കോൺ വാങ്ങുന്നവരാണോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിയ്ക്കുക. കാര്യം എന്താന്നല്ലേ... കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ്റെ അധ്യക്ഷതയിൽ ജയ്‌സാൽമറിൽ നടന്ന ജിഎസ്ടി കൗൺസിലിൻ്റെ 55-ാമത് യോഗത്തിൽ പോപ്‌കോണിന്റെ നികുതിയെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. പോപ്‌കോണിന് മൂന്ന് തരത്തിലുള്ള ജിഎസ്ടി നിരക്കുകൾ കൗൺസിൽ നിർദ്ദേശിച്ചു.
ഇതിൽ ഉപ്പും മസാലകളും ചേർത്ത റെഡിമെയ്ഡ് പോപ്‌കോണിന് 5% ജിഎസ്ടി ചുമത്താൻ നിർദ്ദേശിച്ചു. കൂടാതെ മുൻകൂട്ടി പാക്ക് ചെയ്തതും ലേബൽ ചെയ്തതുമായ പോപ്‌കോണിന് 12 ശതമാനം ജിഎസ്ടിയും കാരാമൽ പോപ്‌കോണിന് 18 ശതമാനം നികുതിയും ഈടാക്കും.
അതായത്, കാരാമൽ പോപ്‌കോൺ മധുരമുള്ളത് ആയതിനാൽ ഇത് പഞ്ചസാര മിഠായി വിഭാഗത്തിലേക്കാണ് മാറ്റപ്പെടുന്നത്. ഇതോടെ കാരാമൽ പോപ്‌കോൺ എച്ച്എസ് വിഭാഗത്തിൽ 1704 90 90-ന് കീഴിൽ വരും. അതുകൊണ്ട് 18% ജിഎസ്ടി നൽകേണ്ടതാണ് വരും.
ശനിയാഴ്ച നടന്ന ജിഎസ്ടി കൗൺസിൽ 55-ാമത് യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. സീതാരാമൻ്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രതിനിധികൾ ഉൾപ്പെട്ടതായിരുന്നു യോഗം.
അതേസമയം, ഫോർട്ടിഫൈഡ് അരിയുടെ ജിഎസ്ടി 18% ൽ നിന്ന് 5% ആയി കുറച്ചിട്ടുണ്ട്, കൂടാതെ, ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പയെടുക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ചാർജുകൾക്ക് ജിഎസ്ടി നൽകേണ്ട എന്നും തീരുമാനമായി. 2000 രൂപയിൽ താഴെ പേയ്മെൻ്റ് നടത്തുന്ന പേയ്മെൻ്റ് അഗ്രഗേറ്റർമാർക്കുള്ള പരോക്ഷ നികുതിയും ഒഴിവാക്കിയിട്ടുണ്ട്.