ഗോതമ്പ് മാവും കടല്‍ കടക്കേണ്ടതില്ല; നിരോധനത്തിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത് ഇതാണ്.!
ആഗോള ഗോതമ്പ് വ്യാപാരത്തിന്‍റെ 25 ശതമാനം കയറ്റുമതി ചെയ്യുന്നത് റഷ്യയും ഉക്രൈനും ചേർന്നാണ്. ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം തുടങ്ങിയതോടെ ആഗോള ഗോതമ്പ് വിതരണ ശൃംഖല തന്നെ താറുമാറായി. ഇത് ഗോതമ്പിന്‍റെ വില കുത്തനെ കൂട്ടാന്‍ സാഹചര്യമൊരുക്കി.
ദില്ലി: ഗോതമ്പിന് പിന്നാലെ ഗോതമ്പ് മാവിന്‍റെ കയറ്റുമതിയും കേന്ദ്രം നിരോധിച്ചു. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതിയുടെയാണ് തീരുമാനം. ഗോതമ്പ് മാവിന്‍റെ കയററുമതിക്ക് നിയന്ത്രണങ്ങൾ പാടില്ല എന്ന് നേരത്തെ നിയമമുണ്ടായിരുന്നു. ഈ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് നടപടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും.
''കയറ്റുമതി നിയന്ത്രണങ്ങളില്‍ നിന്നും നിരോധനത്തില്‍ നിന്നും ഗോതമ്പ് അല്ലെങ്കില്‍ മെസ്ലിന്‍ മാവ് (എച്ച്.എസ് കോഡ് 1101) ഒഴിവാക്കുന്നതിനുള്ള നയം ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ധ്യക്ഷനായ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. അനുമതി ഗോതമ്പ് മാവിന്റെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് അനുവാദം നല്‍കും. അത് ഗോതമ്പ് മാവിന്റെ വിലക്കയറ്റം തടയുകയും സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യും.'' - കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് ഇന്നിറക്കിയ വാർത്താ കുറിപ്പില്‍ പറയുന്നു.
ആഗോള ഗോതമ്പ് വ്യാപാരത്തിന്‍റെ 25 ശതമാനം കയറ്റുമതി ചെയ്യുന്നത് റഷ്യയും ഉക്രൈനും ചേർന്നാണ്. ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം തുടങ്ങിയതോടെ ആഗോള ഗോതമ്പ് വിതരണ ശൃംഖല തന്നെ താറുമാറായി. ഇത് ഗോതമ്പിന്‍റെ വില കുത്തനെ കൂട്ടാന്‍ സാഹചര്യമൊരുക്കി. ഇതോടെ ഇന്ത്യന്‍ ഗോതമ്പിനും ആവശ്യക്കാർ ഏറെയായി. ആവശ്യക്കാർ കൂടിയതോടെ ഇന്ത്യയിലും ഗോതമ്പിന് വിലകയറാന്‍ തുടങ്ങി. ആഗോള സാഹചര്യം ആഭ്യന്തര വിപണിയെയും കാര്യമായി ബാധിക്കാന്‍ തുടങ്ങിയതോടെ കേന്ദ്രവും നടപടി തുടങ്ങി. വിലക്കയറ്റം പിടിച്ചു നിർത്താനായി കഴിഞ്ഞ മെയ് മാസമാണ് രാജ്യത്ത് ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയത്.
എന്നാല്‍ ഗോതമ്പ് മാവിന്റെ കയറ്റുമതിയില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. പുതിയ സാഹചര്യത്തില്‍ വിദേശ വിപണിയില്‍ ഗോതമ്പ് മാവിന്‍റെ ആവശ്യകതയും വർദ്ദിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയില്‍നിന്നുള്ള ഗോതമ്പ് മാവിന്റെ കയറ്റുമതി 2022 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 200 ശതമാനമാണ് കൂടിയത്. ഇത് രാജ്യത്ത് ഗോതമ്പ് പൊടിയുടെ വില കാര്യമായി കൂട്ടാനും കാരണമായി.
''ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍പാടില്ലെന്ന നയം നേരത്തെയുണ്ടായിരുന്നു. അതുകൊണ്ട്, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്ത് ഗോതമ്പ് മാവിന്റെ വിലക്കയറ്റം തടയുന്നതിനും വേണ്ടി ഗോതമ്പ് മാവിന്റെ കയറ്റുമതിയില്‍ നിരോധനം/നിയന്ത്രണങ്ങള്‍ എന്നിവയ്ക്കുള്ള ഇളവ് പിന്‍വലിക്കുന്നതിന് നയത്തില്‍ ഭാഗികമായ മാറ്റം അനിവാര്യമാണ്.''. - കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് ഇന്നിറക്കിയ വാർത്താ കുറിപ്പില്‍ പറയുന്നു.
ദില്ലിയിലെ ഓപ്പറേഷന്‍ താമര കെജ്രിവാളിന്‍റെ നാടകമോ ? മുറുകുന്ന ബിജെപി - ആപ് പോര്