രാജ്യത്തിനാകെ മാതൃകയായ നടപടിയെന്ന് മന്ത്രി; സഞ്ചാരികളെയുമായി എത്തുന്ന ഡ്രൈവര്‍മാർക്ക് മുറികളും സൗകര്യങ്ങളും

ടൂറിസം മേഖലയിലെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ മഹത്തായ സംഭാവനകള്‍ അവഗണിക്കാനാവില്ല. സ്റ്റാഫ് റൂമുകള്‍ക്ക് പുറമെ ഡ്രൈവര്‍മാര്‍ക്ക് മാത്രമായി രണ്ട് മുറികള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും മന്ത്രി

good model for the entire country to ensure basic facilities for drivers in tourism centres in Kerala afe

തിരുവനന്തപുരം: ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍  ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.  ഇതിലൂടെ വിനോദസഞ്ചാര മേഖലയില്‍ കേരളം രാജ്യത്തിനാകെ മാതൃകയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ ടാക്സി, ഓട്ടോറിക്ഷ യൂണിയനുകളുടേയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അസോസിയേഷനുകളുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളില്‍  വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യം ബന്ധപ്പെട്ട ടൂറിസം വ്യവസായ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യും. ടൂറിസം മേഖലയിലെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ മഹത്തായ സംഭാവനകള്‍ അവഗണിക്കാനാവില്ല. സ്റ്റാഫ് റൂമുകള്‍ക്ക് പുറമെ ഡ്രൈവര്‍മാര്‍ക്ക് മാത്രമായി രണ്ട് മുറികള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ടൂറിസത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ ഡ്രൈവര്‍മാര്‍ വിവിധ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള ചട്ടം ഉള്‍പ്പെടുത്താനുള്ള സാധ്യതയെപ്പറ്റി സര്‍ക്കാര്‍ പരിശോധിക്കും. ഡ്രൈവര്‍മാര്‍ക്ക് ശുചിമുറികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും റിയാസ് പറഞ്ഞു.

അതിഥികളുമായി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ഐ.ഡി കാര്‍ഡുകള്‍ നല്‍കും. മേഖല തിരിച്ചുള്ള ബോധവല്‍ക്കരണ കാമ്പെയ്‌നുകളും  ഓറിയന്‍റേഷന്‍ പ്രോഗ്രാമുകളും സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് പദ്ധതിയിടുന്നതായും മന്ത്രി അറിയിച്ചു.വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചും എത്തിപ്പെടാനുള്ള സൗകര്യപ്രദമായ വഴികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ആപ്പിലൂടെ ലഭ്യമാക്കുന്നത് പരിഗണനയിലാണ്. സംസ്ഥാനത്തുടനീളമുള്ള 153 സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകളില്‍ കംഫര്‍ട്ട് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അത് എത്രയും വേഗം നടപ്പാക്കണമെന്നും ടൂറിസം സെക്രട്ടറി കെ. ബിജു അഭിപ്രായപ്പെട്ടു. ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ അഡീഷണല്‍ ഡയറക്ടര്‍  എസ്. പ്രേംകൃഷ്ണന്‍, കേരള സ്റ്റേറ്റ് ടൂറിസ്റ്റ് പാക്കേജ് ഡ്രൈവേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് യൂണിയന്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി, കേരള ടാക്സി ആന്‍ഡ് ഓട്ടോ റിക്ഷാ യൂണിയന്‍ പ്രതിനിധികള്‍, ട്രാവല്‍ ആന്‍ഡ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios