സംസ്ഥാനത്ത് സ്വർണ്ണവില കുറയുന്നു
ഓഗസ്റ്റ് 7 നാണ് സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡിലെത്തിയത്. അന്ന് ഒരു പവന് 42,000 രൂപയായിരുന്നു. സെപ്റ്റംബർ 24 നാണ് സ്വർണ്ണവില ഏറ്റവും കുറവ് രേഖപ്പെടുത്തിയത്.
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില കുറയുന്നു. പത്ത് ദിവസത്തിനിടെ പവന് 1,280 രൂപയാണ് കുറഞ്ഞത്. കൊവിഡ് പ്രതിസന്ധി സാരമായി ബാധിച്ചതിനാൽ സംസ്ഥാനത്ത് ഇപ്പോഴും സ്വർണ്ണവിപണി മന്ദഗതിയിലാണ്. ഓഗസ്റ്റ് 7 നാണ് സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡിലെത്തിയത്. ഒരു പവന് 42,000 രൂപയായിരുന്നു അന്ന് വില. സെപ്റ്റംബർ 24 നാണ് സ്വർണ്ണവില ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. പവന് 36,720 ആയിരുന്നു അന്നത്തെ വില. ഇന്നത്തെ വില പവന് 37,600 ആണ്.
ദീപാവലി സീസണിൽ ദേശീയ വിപണിയിൽ ഉണർവ്വ് പ്രകടമായിരുന്നു. എന്നാൽ സംസ്ഥാനത്ത് സ്വർണ്ണവിപണി കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 50 ശതമാനം ഇടിഞ്ഞതായി വ്യാപാരികൾ പറയുന്നു. കല്ല്യാണങ്ങൾ പലതും മാറ്റി വെച്ചതും കുറഞ്ഞ പങ്കാളിത്തതിൽ ചടങ്ങ് മാത്രമായതോടെ സ്വർണ്ണം സമ്മാനമായി നൽകുന്നത് കുറഞ്ഞതും വിപണിയെ ബാധിച്ചു.
ഓഗസ്റ്റ് 7ന് അന്താരാഷ്ട്ര വിപണിയിൽ 2080 ഡോളറിലെത്തിയ സ്വർണ്ണവില അമേരിക്കൻ തെരഞ്ഞെടുപ്പ് അനിശ്ചിതത്വം മാറിയതും ഫൈസർ കമ്പനിയുടെ വാക്സിൻ റിപ്പോർട്ടുകളും പുറത്ത് വന്നതോടെ 1970 ഡോളറിലെത്തി. കൂടിയും,കുറഞ്ഞും ഇന്നത്തെ വില 1862 ഡോളറാണ്. കൊവിഡ് സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. 2021ആദ്യപാദത്തിൽ ജോ ബൈഡൻ സ്ഥാനമേറ്റതിന് ശേഷമുള്ള സാമ്പത്തിക സാഹചര്യം വ്യക്തമാകും വരെ ഈ അനിശ്ചിതത്വം തുടരും