ജ്വല്ലറികൾ തുറന്നിട്ടും സ്വർണം വാങ്ങാൻ ആളില്ല, സ്വർണവില ഇന്ന് വീണ്ടും കൂടി
ഇന്ന് സംസ്ഥാനത്ത് സ്വർണ വില കൂടി.
തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ സ്വര്‍ണകടകള്‍ തുറന്നെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണം കുറവാണെന്ന് ജ്വല്ലറി ഉടമകള്‍. സ്വര്‍ണത്തിന്റെ ഉയര്‍ന്ന വിലയും സാമ്പത്തിക പ്രതിസന്ധിയുമാണ് വില്‍പനയില്‍ ഇടിവുണ്ടാക്കിയത്.
കല്യാണസീസണുകളിൽ വലിയ വിൽപ്പന ഇടിവുണ്ടായി. തകര്‍പ്പൻ വിൽപ്പന നടക്കേണ്ട രണ്ട് മാസമാണ് കൊവിഡ് കാരണം നഷ്ടമായത്. ലോക്ഡൗണിലെ ഇളവുകളോടെ ചെറുകിട സ്വര്‍ണക്കടകള്‍ തുറന്നപ്പോഴേക്കും വിവാഹസീസണ് തീരാറായി. ആളുകളുടെ കയ്യില്‍ ചെലവാക്കാൻ പണവുമില്ലാതായതായി സ്വർണ വ്യാപാരികൾ പറയുന്നു.
ജ്വല്ലറികളിൽ എത്തുന്നവർ ചെറിയ തുകയ്ക്കുളള സ്വർണം മാത്രമെ വാങ്ങുന്നുള്ളൂവെന്നും അവർ പറഞ്ഞു.
സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നതിനാൽ വരും ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവരേക്കാള്‍ വില്‍ക്കാനെത്തുന്നവര്‍ കൂടുമെന്നാണ് കണക്കുകൂട്ടുന്നത്. സ്വര്‍ണവില്‍പനയില്‍ ഇനിയൊരു ഉണര്‍വുണ്ടാകാൻ ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് ഈ രംഗത്തുളളവരുടെ വിലയിരുത്തല്‍.
ഇന്ന് സംസ്ഥാനത്ത് സ്വർണ വില കൂടി. ഗ്രാമിന് 4,250 രൂപയാണ് നിരക്ക്. പവന് 34,000 രൂപയും. സ്വർണ നിരക്കിൽ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഉയർന്നത്. ഇന്നലെ ഗ്രാമിന് 4,220 രൂപയും പവന് 33,760 രൂപയുമായിരുന്നു വില.
മെയ് എട്ടിനാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,260 രൂപയും പവന് 34,080 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിൽ ഇപ്പോഴും സ്വർണത്തിന് 1,700 ഡോളറിന് മുകളിലാണ് നിരക്ക്. ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,716. 50 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര സ്വർണവില.