Gold Price Kerala : ഒരു ഗ്രാം സ്വർണവില 5000ത്തിന് അടുത്ത്; ഇന്ന് വിലയിൽ വൻ കുതിപ്പ്
ഒരു ഗ്രാം സ്വർണത്തിന്റെ വില 100 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപ ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ വർധന. റഷ്യ - യുക്രൈൻ യുദ്ധം തുടരുന്നതാണ് പ്രതിസന്ധിയായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 4940 രൂപയാണ് വില. 39520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.
ഒരു ഗ്രാം സ്വർണത്തിന്റെ വില 100 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപ ഉയർന്നു. 4080 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. ഇതിൽ ഇന്നും മാറ്റമുണ്ടായിട്ടില്ല. വെള്ളിക്ക് ഗ്രാമിന് രണ്ട് രൂപ കൂടി 75 രൂപയായി. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു സമീപ കാലത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില. ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു അന്നത്തെ വില.
അന്താരാഷ്ട്ര വിപണിയിൽ 1988 ഡോളറാണ് ഇപ്പോഴത്തെ സ്വർണ വില. രൂപ കൂടുതൽ ദുർബലമായി 76.75 ലേക്കെത്തിയതും തിരിച്ചടിയായി. അതിനിടെ രാജ്യത്തെ ഹോൾമാർക്കിങ് നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. മാർച്ച് നാല് മുതൽ പ്രാബല്യത്തിലുള്ള സ്വർണം, വെള്ളി ആഭരണങ്ങൾക്കാണ് ഹാൾ മാർക്കിങ് ചാർജ് വർധിപ്പിച്ചത്. സ്വർണം ഒരെണ്ണത്തിൽ 35 രൂപയായിരുന്ന ഹോൾമാർക്കിങ് ചാർജ് 45 രൂപയാക്കി. ആഭരണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 200 രൂപയാണെങ്കിൽ ഇനി ഹോൾമാർക്കിങ് ചാർജായി 45 രൂപയും ഇതിന് ആനുപാതികമായ ജിഎസ്‌ടിയും നൽകണം. വെള്ളിക്ക് ഒരെണ്ണത്തിന് 35 രൂപയായാണ് ഹോൾമാർക്കിങ് നിരക്ക് വർധിപ്പിച്ചത്. ആഭരണത്തിന്റെ കുറഞ്ഞ വില 150 രൂപയായിരിക്കണം എന്നാണ് നിബന്ധന.
കുറഞ്ഞ നിരക്കിൽ ഹാൾ മാർക്ക് ചെയ്തു നൽകാൻ ഇന്ത്യയിലുടനീളം ഹാൾമാർക്കിംഗ്, അസെയ്യിംഗ് സെന്ററുകൾ തുറക്കാൻ സംഘടനകൾ തന്നെ തയ്യാറായി വരുമ്പോൾ ഹാൾമാർക്കിംഗ് നിരക്ക് വർദ്ധിപ്പിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഓൾ ഇന്ത്യ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. ഹോൾമാർക്കിംഗ് നിർബന്ധമല്ലാത്തപ്പോൾ നിരക്ക് 25 രൂപയായിരുന്നു. ഇപ്പോൾ നിർബന്ധിത ഹാൾമാർക്കിംഗ് ഉള്ളതിനാൽ, കോടിക്കണക്കിന് സ്വർണാഭരങ്ങൾ ഹാൾ മാർക്ക് ചെയ്യുന്നതു കൊണ്ട് എണ്ണം ഗണ്യമായി വർദ്ധിച്ചു. അതിനാൽ നിരക്ക് കുറയ്ക്കണമെന്ന് പൊതുവെ ആവശ്യമുയർന്ന സാഹചര്യത്തിലാണ്, നിരക്ക് 30% വർദ്ധിപ്പിച്ചത്. ഹോൾമാർക്കിങ് നിരക്ക് 35 രൂപയിൽ നിന്ന് 45 രൂപയായി വർദ്ധിപ്പിച്ചത് അന്യായമാണെന്നും അസോസിയേഷൻ പറഞ്ഞു.