ആസൂത്രണ ബോര്‍ഡ് സമ്മേളനം; കേരളത്തെ വിദഗ്ധ തൊഴില്‍ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യും
കൊവിഡ് 19 മൂലം തൊഴില്‍ മേഖലയിലുണ്ടായ തകര്‍ച്ചയില്‍ നിന്ന് കരകയറാനുളള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനൊപ്പം സംസ്ഥാനത്തെ നൈപുണ്യ വികസന പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന പുതിയ കാഴ്ചപ്പാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സമ്മേളനം രൂപം നല്‍കും.
തിരുവനന്തപുരം: രാജ്യത്തെ വിദഗ്ധ തൊഴില്‍ കേന്ദ്രമായി ഉയര്‍ന്നുവരാനുള്ള കേരളത്തിന്‍റെ സാധ്യതകളെക്കുറിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ രാജ്യാന്തര സമ്മേളനം ചര്‍ച്ച ചെയ്യും. ഭാവികേരളത്തിന്‍റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒന്‍പത് സുപ്രധാന മേഖലകളില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ നിര്‍ദ്ദേശിക്കാനായി ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ ഓണ്‍ലൈനായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ആഗോളപ്രശസ്തരായ നയരൂപീകരണ വിദഗ്ധര്‍, വ്യാവസായിക പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൊവിഡ് 19 മൂലം തൊഴില്‍ മേഖലയിലുണ്ടായ തകര്‍ച്ചയില്‍ നിന്ന് കരകയറാനുളള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനൊപ്പം സംസ്ഥാനത്തെ നൈപുണ്യ വികസന പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന പുതിയ കാഴ്ചപ്പാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സമ്മേളനം രൂപം നല്‍കും. സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതില്‍ നൈപുണ്യ പരിശീലനത്തിന്‍റെയും നവീകരണത്തിന്‍റെയും പങ്കും പുത്തന്‍ സാങ്കേതികവിദ്യകളുടെ കടന്നുവരവ് ബിസിനസ് രംഗത്തുണ്ടാക്കുന്ന മാറ്റങ്ങളും ചര്‍ച്ചയാകും.
ഇന്ത്യക്കകത്തും പുറത്തും കേരളത്തില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് വലിയ മുന്‍ഗണനയാണ് തൊഴിലുടമകള്‍ നല്‍കുന്നതെന്ന് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ വി കെ രാമചന്ദ്രന്‍ പറഞ്ഞു. ആഗോള ഉല്‍പ്പാദന രംഗം യന്ത്രവത്കൃതവും വിജ്ഞാനപരവുമായി മാറുന്നതു കണക്കിലെടുത്ത് ഇത് കൂടുതല്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. വിദ്യാഭ്യാസരംഗത്തെ കേരളത്തിന്‍റെ മികവ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴില്‍മേഖലയിലെ പുതിയ വെല്ലുവിളികളെ മികച്ച രീതിയില്‍ നേരിടാന്‍ സജ്ജമാക്കും. സാങ്കേതികവും തൊഴില്‍പരവുമായ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് യുവാക്കള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള നൈപുണ്യ വികസനവും പരിശീലനവും ലഭ്യമാക്കേണ്ടതുണ്ട്. ഇത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയുടെ ഘടനാപരമായ പരിവര്‍ത്തന പ്രക്രിയയില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിവേഗത്തില്‍ വളരുന്ന വിവരസാങ്കേതിക, ആശയവിനിമയ ജോലികളുടെ സ്വഭാവം കണക്കിലെടുത്ത് റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ത്രി ഡി പ്രിന്‍റിംഗ് തുടങ്ങിയ തൊഴില്‍ മേഖലകളില്‍ കേരളം ഇതിനോടകം തന്നെ തുടക്കമിട്ടിട്ടുണ്ട്.