ഒരു സെക്കൻഡിൽ 1.4 കോടി രൂപ! അദാനിയുടെ വരുമാനം ഇതാണ്...
ഒരു മണിക്കൂർ 83.4 കോടി രൂപ ഇദ്ദേഹം വരുമാനമായി നേടുന്നുണ്ട്. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പ്രകാരം ഒരുദിവസം 1000 കോടി രൂപയാണ് ഗൗതം അദാനിയുടെ വരുമാനം.
ദില്ലി: ഇന്ത്യയിലെയും ഏഷ്യയിലെയും അതിസമ്പന്നരിൽ ഒന്നാമൻ, ലോകത്തെ അതിസമ്പന്നരിൽ നാലാമൻ, ഗൗതം അദാനിയുടെ ജൈത്രയാത്ര തുടരുകയാണ്. സമീപകാലത്ത് ബിസിനസ്സിൽ വൻ വളർച്ചയാണ് ഗൗതം അദാനി നേടിയത്. ഇന്ന് 115 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ഒരു സെക്കൻഡിൽ 1.4 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വരുമാനം എന്നാണ് വിവരം. ഒരു മണിക്കൂർ 83.4 കോടി രൂപ ഇദ്ദേഹം വരുമാനമായി നേടുന്നുണ്ട്.
ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പ്രകാരം ഒരുദിവസം 1000 കോടി രൂപയാണ് ഗൗതം അദാനിയുടെ വരുമാനം. അദാനി ഗ്രൂപ്പിന്റെ ചെയർമാനാണ് ഗൗതം അദാനി. ചെയർമാൻ സ്ഥാനത്തെ പ്രതിഫലമായി ഒരു വർഷം 1.8 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന് കിട്ടുന്നത്. ഒരുമാസം അദാനിയുടെ വരുമാനം 15,000 കോടി രൂപയാണ്. ബിൽഗേറ്റ്സിനെ പിന്തള്ളിയാണ് അദാനി അതിസമ്പന്നരുടെ പട്ടികയിൽ നാലാമതെത്തിയിരിക്കുന്നത്.
ഫോർബ്‌സിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിലാണ് അദാനി ബിൽ ഗേറ്റ്‌സിനെ വെട്ടിയത്. 104.6 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്‌സിന്റെ ആസ്തി. 90 ബില്യൺ ഡോളറുമായി മുകേഷ് അംബാനി പട്ടികയിൽ പത്താം സ്ഥാനത്താണ്. 2026-ഓടെ ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന് വാർഷിക ധനസഹായം 50% വർദ്ധിപ്പിക്കാനുള്ള ഫൗണ്ടേഷന്റെ ശ്രമത്തിന്റെ ഭാഗമായി ഈ മാസം 20 ബില്യൺ ഡോളർ സംഭാവന ചെയ്യുന്നതായി ബിൽ ഗേറ്റ്സ് തയ്യാറായി. ഇതോടെ സമ്പന്നരുടെ പട്ടികയിൽ നിന്നും ബിൽ ഗേറ്റ്സ് താഴേക്ക് പോയി.
ഈ സമയം അദാനിയുടെ സമ്പത്ത് 112.9 ബില്യൺ ഡോളറായി വർധിച്ചു. പവർ, ഗ്രീൻ എനർജി, ഗ്യാസ്, തുറമുഖങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഗൗതം അദാനി നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഫെബ്രുവരിയിൽ, ശതകോടീശ്വരൻ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായിരുന്നു. 90.1 ബില്യൺ ഡോളറായിരുന്നു അദാനിയുടെ അപ്പോഴത്തെ ആസ്തി. 1988-ൽ ആണ് അദാനി ഒരു ചരക്ക് കയറ്റുമതി സ്ഥാപനം ആരംഭിച്ചത്. ഫോർബ്സിന്റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ 9.3 ബില്യൺ ഡോളർ ആസ്തിയുമായി 2008-ൽ ആണ് അദാനി ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. തന്റെ 60-ാം ജന്മദിനത്തോട് അനുബന്ധിച്ച് 7.7 ബില്യൺ ഡോളർ വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്കായി അദാനി സംഭാവന നൽകിയിരുന്നു.
ഇസ്രയേലിലെ ഏറ്റവും വലിയ തുറമുഖമായ ഹൈഫ സ്വകാര്യവൽക്കരിക്കുന്നതിനുള്ള ടെൻഡർ അദാനി ഗാഡോട്ട് കൺസോർഷ്യം ഈ മാസം നേടിയിരുന്നു. ഇസ്രായേലിന്റെ മൂന്ന് പ്രധാന അന്താരാഷ്ട്ര തുറമുഖങ്ങളിൽ ഏറ്റവും വലുതാണ് ഹൈഫ തുറമുഖം. വരാനിരിക്കുന്ന 5 ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാനും അദാനി ഗ്രൂപ് തയ്യാറായി കഴിഞ്ഞു. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയ്‌ക്കൊപ്പം ആയിരിക്കും അദാനി ഡാറ്റ നെറ്റ്‌വർക്കുകൾ മത്സരിക്കുക.
Read Also : 60ാം ജന്മദിനത്തിൽ 60000 കോടി സംഭാവന നല്കാൻ ഗൗതം അദാനി; തുക നൽകുക സാമൂഹിക പ്രവർത്തനങ്ങൾക്കായി