കാലഹരണപ്പെട്ട ഉല്‍പ്പന്നങ്ങള്‍ പേര് മാറ്റി വില്‍പ്പനയ്ക്ക് വെക്കേണ്ട, കര്‍ശന നടപടികളുമായി എഫ്എസ്എസ്എഐ
കാലഹരണപ്പെട്ടതും അംഗീകൃതമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ കാലി തീറ്റയുടെ മറവില്‍ മനുഷ്യനുപയോഗിക്കുന്നതിനായി റീബ്രാന്‍ഡിംഗും പുനര്‍വില്‍പ്പനയും നടത്തുന്നത് തടയാനാണ് നീക്കം
കാലഹരണപ്പെട്ടതും അംഗീകാരമില്ലാത്തതുമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പേര് മാറ്റി വീണ്ടും വില്‍പ്പന നടത്തുന്നത് തടയുന്നതിനുള്ള നടപടികളുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതിന്‍റെ ഭാഗമായി ഭക്ഷ്യോല്‍പ്പന്ന നിര്‍മാതാക്കളോടും ഇറക്കുമതി സ്ഥാപനങ്ങളോടും അംഗീകൃതമല്ലാത്തതും കാലഹരണപ്പെട്ടതുമായ ഭക്ഷ്യവസ്തുക്കളുടെ ത്രൈമാസ ഡാറ്റ സമര്‍പ്പിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ആവശ്യപ്പെട്ടു . റീപാക്കര്‍മാര്‍ക്കും റീലേബല്‍ ചെയ്യുന്നവര്‍ക്കും ഉത്തരവ് ബാധകമാണ്. എഫ്എസ്എസ്എഐയുടെ ഓണ്‍ലൈന്‍ കംപ്ലയന്‍സ് സിസ്റ്റമായ ഫോസ്കോസ് വഴിയാണ് വിവരങ്ങള്‍ പങ്കുവയ്ക്കേണ്ടത്. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ അളവ്, ഭക്ഷ്യ വിതരണ ശൃംഖലയില്‍ നിന്ന് കാലഹരണപ്പെട്ടതോ മടങ്ങിയതോ ആയ ഉല്‍പ്പന്നങ്ങളുടെ അളവ്, ഉല്‍പ്പന്ന നിര്‍മാര്‍ജനത്തിന്‍റെ വിശദമായ രേഖകള്‍ എന്നിവയാണ് നല്‍കേണ്ടത്. കാലഹരണപ്പെട്ട ഉല്‍പ്പന്നങ്ങള്‍ കൈമാറുന്ന മാലിന്യ നിര്‍മാര്‍ജന ഏജന്‍സിയെ കുറിച്ചുള്ള വിവരങ്ങളും നല്‍കേണ്ടതുണ്ട്. കാലഹരണപ്പെട്ടതും ഗുണനിലവാരം ഇല്ലാത്തതും ആയ സാധനങ്ങളുടെ തത്സമയ ട്രാക്കിംഗ് നടത്താന്‍ ഇത് എഫ്എസ്എസ്എഐയെ സഹായിക്കും.
കാലഹരണപ്പെട്ടതും അംഗീകൃതമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ കാലി തീറ്റയുടെ മറവില്‍ മനുഷ്യനുപയോഗിക്കുന്നതിനായി റീബ്രാന്‍ഡിംഗും പുനര്‍വില്‍പ്പനയും നടത്തുന്നത് തടയാനാണ് നീക്കം. കാലഹരണപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിതരണ കമ്പനികള്‍ കൈകാര്യം ചെയ്യുന്നതിനും നേരത്തെ എഫ്എസ്എസ്എഐ കര്‍ശന മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഉല്‍പ്പന്നങ്ങളുടെ ഉപയോഗ കാലാവധി തീരാനിരിക്കെ അവ വില്‍ക്കുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ പരിഗണിച്ച് ഉപഭോക്താവിന് വിതരണം ചെയ്യുന്ന സമയത്ത് ഏറ്റവും കുറഞ്ഞ ഷെല്‍ഫ് ലൈഫ് 30 ശതമാനം അല്ലെങ്കില്‍ 45 ദിവസമാണെന്ന് ഉറപ്പാക്കാന്‍ എഫ്എസ്എസ്എഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങളെക്കുറിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉയര്‍ത്തി അവ വില്‍ക്കുന്നതിന് ശ്രമിച്ചാല്‍ ഇ-കൊമേഴ്സ്, ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഓണ്‍ലൈന്‍ വില്‍പ്പനക്കാരും നടപടി നേരിടേണ്ടിവരുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ മാസം ആദ്യം, പാക്ക് ചെയ്ത കുടിവെള്ളത്തെയും മിനറല്‍ വാട്ടറിനെയും ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗമായി എഫ്എസ്എസ്എഐ തരംതിരിച്ചിരുന്നു. ഈ വിഭാഗത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളും വാര്‍ഷിക പരിശോധനകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്