എന്താണ് ഫോം 26 എഎസ്; ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ഫോം 26 എഎസ്.
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി അടുക്കുകയാണ്. റിട്ടേൺ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ഫോം 26 എഎസ്. ആദായനികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തുകയുടെയും തീയതികളുടെയും വിവരങ്ങൾ മാത്രമല്ല ഒരു നികുതി ദായകന്റെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും സമഗ്രമായ ചിത്രമാണ് ഈ രേഖ പ്രതിപാദിക്കുന്നത്. മൂന്ന് ഭാഗങ്ങളാണ് 26എ എസ് ഫോമിനുള്ളത്.
ഒന്നാമത്തെ ഭാഗമായ പാർട്ട് എയിൽ ടിഡിഎസിനെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിരിക്കുന്നു. നികുതി ഈടാക്കിയ വ്യക്തി, ടാൻ നമ്പർ, ഏത് വകുപ്പ് അനുസരിച്ചാണ് നികുതി ഈടാക്കിയത്, പണമടച്ച തീയതി തുടങ്ങിയ വിവരങ്ങളെല്ലാം ഇതിൽ നൽകിയിരിക്കുന്നു. പാർട്ട് ബി യിൽ സ്രോതത്തിൽ നിന്ന് ഈടാക്കിയ നികുതിയെ കുറിച്ചുള്ള വിവരങ്ങളാണ് കൊടുത്തിരിക്കുന്നത്. പാർട്ട് സിയിൽ അടച്ച ആദായ നികുതിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു. ഇതിനുപുറമേ ഒരു സാമ്പത്തിക വർഷം തിരികെ ലഭിച്ച റീഫണ്ട്, നികുതിയുമായി ബന്ധപ്പെട്ട പൂർത്തിയാക്കാത്ത ഇടപാടുകളുടെ വിവരങ്ങൾ എന്നിവയും ഫോം 26 എഎസിൽ നൽകിയിരിക്കുന്നു.
ഫോം 26 എ എസ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
1.www.incometaxindiaefilling.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക
2. മൈ അക്കൗണ്ട് ക്ലിക്ക് ചെയ്ത ശേഷം ഫോം 26 കാണുക എന്ന ലിങ്കിലേക്ക് പോവുക.
3. കൺഫേം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം TRACES എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
4.TRACES വെബ്സൈറ്റിൽ പ്രൊസീഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ടാക്സ് ക്രെഡിറ്റ് എന്ന ലിങ്ക് ക്ലിക്ക് ചെയ്തശേഷം ഫോം 26 എ എസ് ഡൗൺലോഡ് ചെയ്യാം.
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് ഫോൺ 26 എ എസിൽ നൽകിയിരിക്കുന്ന വിവരങ്ങളുമായി ഒത്തു നോക്കേണ്ടതുണ്ട്.