ചെരുപ്പ് കയറ്റുമതിയെയും താളംതെറ്റിച്ച് കൊവിഡ്; വിദേശത്ത് നിന്നുള്ള ഓർഡറുകൾ നഷ്ടപ്പെട്ടു
കൊവിഡ് പ്രതിസന്ധി ജൂൺ മാസത്തിനപ്പുറത്തേക്ക് നീങ്ങുകയാണെങ്കിൽ, വ്യവസായ മേഖല 20 മുതൽ 30 ശതമാനം വരെ ചുരുങ്ങും.
മുംബൈ: കൊവിഡ് പ്രതിസന്ധി ചെരുപ്പ് കയറ്റുമതിയെയും ബാധിച്ചു. വ്യവസായ മേഖലയ്ക്ക് വിദേശത്ത് നിന്നുള്ള ഒരു ബില്യൺ ഡോളറിന്റെ ഓർഡറുകൾ നഷ്ടപ്പെട്ടു. ആയിരം രൂപയ്ക്ക് മുകളിൽ വില വരുന്ന ചെരുപ്പുകൾക്ക് ജിഎസ്‌ടിയിൽ ഇളവ് അടക്കമുള്ള സഹായം വേണ്ടിവരുമെന്നാണ് വ്യവസായ രംഗത്തെ പ്രമുഖരുടെ ആവശ്യം.
കൗൺസിൽ ഫോർ ലെതർ എക്സ്പോർട്ട് ചെയർമാൻ അഖീൽ അഹമ്മദ്, വ്യവസായ മേഖലയിൽ രണ്ട് മാസമായി പ്രവർത്തനം നടക്കുന്നില്ലെന്നും, ഭാവി കരാറുകൾ പലതും നഷ്ടമായെന്നും പറഞ്ഞു. വ്യവസായ മേഖലയുടെ പ്രവർത്തനം ഇന്ത്യയിലേക്ക് തന്നെ ദിശമാറ്റേണ്ട സമയമാണ്. കേന്ദ്രസർക്കാർ കൈയ്യയച്ച് സഹായം ചെയ്തില്ലെങ്കിൽ നിലനിൽപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യവസായ മേഖലയുടെ വളർച്ച 7.6 ശതമാനമാണ്. ആളോഹരി ഉപഭോഗം ഒരു വർഷം രണ്ട് ജോഡിയാണ്. ആയിരം ജോഡി ചെരുപ്പുകളാണ് ഒരു ദിവസം വിറ്റഴിക്കുന്നത് 425 പേർക്ക് തൊഴിൽ നൽകും. ലോകത്തെ 86 ശതമാനം ചെരുപ്പുകളും ലെതൽ ഉൽപ്പന്നങ്ങളാണ്. അതിനാൽ തന്നെ ലെതർ ചെരുപ്പ് കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ക്ലാർക്സ് സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ എൻ മോഹൻ പറഞ്ഞു.
കൊവിഡ് പ്രതിസന്ധി ജൂൺ മാസത്തിനപ്പുറത്തേക്ക് നീങ്ങുകയാണെങ്കിൽ, വ്യവസായ മേഖല 20 മുതൽ 30 ശതമാനം വരെ ചുരുങ്ങും.