ഒരു ലക്ഷം പേർക്ക് തൊഴിൽ, വമ്പൻ പ്രഖ്യാപനവുമായി ഫ്ലിപ്പ്കാർട്ട്; ഇത് എതിരാളികളെ നേരിടാനുള്ള തയ്യാറെടുപ്പ്
വെയർഹൗസ് അസോസിയേറ്റ്‌സ്, ഇൻവെൻ്ററി മാനേജർ, ലോജിസ്റ്റിക്‌സ് കോർഡിനേറ്റർ ഡെലിവറി ഡ്രൈവർമാർ തുടങ്ങിയവയിൽ ഫ്ലിപ്കാർട്ടിന് കൂടുതൽ ജീവനക്കാരെ ആവശ്യമായി വരും.
ഫെസ്റ്റിവൽ സീസണിൽ കൂടുതൽ കച്ചവടം ലക്ഷ്യമിട്ട് ഓൺലൈൻ റീടെയ്‌ലറായ ഫ്ലിപ്കാർട്ട് ഒരുക്കങ്ങൾ തുടങ്ങി. 11 പുതിയ ഫുൾഫിൽമെൻ്റ് സെൻ്ററുകളിലൂടെ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഫ്ലിപ്പ്കാർട്ട് ലക്ഷ്യമിടുന്നത്.
വെയർഹൗസ് അസോസിയേറ്റ്‌സ്, ഇൻവെൻ്ററി മാനേജർ, ലോജിസ്റ്റിക്‌സ് കോർഡിനേറ്റർ ഡെലിവറി ഡ്രൈവർമാർ തുടങ്ങിയവയിൽ ഫ്ലിപ്കാർട്ടിന് കൂടുതൽ ജീവനക്കാരെ ആവശ്യമായി വരും. വാർഷിക വിൽപ്പനയായ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൻ്റെ മുന്നോടിയായി പദ്ധതി നടപ്പാക്കാനാണ് ഫ്ലിപ്പ്കാർട്ട് ഒരുങ്ങുന്നത്.
ഒരു ലക്ഷത്തിലധികം സീസണൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ വിപണിയിലെ മത്സരങ്ങളെ നേരിടാനാണ് ഫ്ലിപ്കാർട്ട് ലക്ഷ്യമിടുന്നത്. ഉത്സവ സീസണുകളിൽ വലിയ തിരക്കാണ് ഫ്ലിപ്കാർട്ട് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റുന്നതിന് കൂടുതൽ ജീവനക്കാരെ ഫ്ലിപ്കാർട്ടിന് ആവശ്യമുണ്ട്. വരുന്ന ഉത്സവ സീസണിൽ ഉപഭോക്താക്കൾക്ക് മികച്ച അണുവിഭവം പ്രധാനം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് ഫ്ലിപ്കാർട്ട് സീനിയർ വിപിയും സപ്ലൈ ചെയിൻ മേധാവിയുമായ ഹേമന്ത് ബദ്രി പറഞ്ഞു.
വിതരണ ശൃംഖല ശക്തിപ്പെടുത്താനും ജീവനക്കാരുടെ എണ്ണം കൂട്ടാനുമുള്ള ഫ്ലിപ്കാർട്ടിൻ്റെ തന്ത്രപരമായ തീരുമാനം ഉത്സവ സീസണിലെ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിന് അവർക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ഇൻസ്‌റ്റാമാർട്ട് തുടങ്ങിയ എതിരാളികൾ ആണ് നിലവിൽ ഫ്ലിപ്കാർട്ടിന് ഉള്ളത്. ഉത്സവ സീസണിൽ വിപണി പിടിക്കാൻ ഇവർ എല്ലാവരും ശ്രമിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ഓർഡറുകൾ വേഗത്തിൽ കൈകാര്യം ചെയ്യുക എന്നുള്ളതാണ് പ്രാഥമികമായി ഫ്ലിപ്കാർട്ട് ലക്‌ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്തിടെ തൽക്ഷണം ഡെലിവറി നടത്തുന്നതിനായി ഫ്ലിപ്പ്കാർട്ട് മിനിറ്റ് സേവനം ആരംഭിച്ചിട്ടുണ്ട്.