Demonetisation | രാജ്യത്ത് കറൻസി 57% കൂടിയതായി കണക്ക്, ആർക്ക് വേണ്ടിയാണ് നമ്മൾ വലഞ്ഞത്?
പൊരിവെയിലത്ത്, ചോരയും നീരും വറ്റിച്ച് സാധാരണക്കാര്‍ വരി നിന്ന ഒരു കാലം. സര്‍ക്കാരിന്‍റെ ഉദ്ദേശശുദ്ധിയിൽ സംശയിക്കാതെ ജനങ്ങൾ വേദനയും കഷ്ടപ്പാടും സഹിച്ചു. എന്നാൽ അഞ്ച് വര്‍ഷത്തിനിപ്പുറം ആർബിഐ തന്നെ പുറത്തുവിടുന്ന കണക്കുകൾ കാണുക.
ദില്ലി: രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. 2016 നവംബര്‍ 8-ന് രാത്രി എട്ട് മണിക്കായിരുന്നു നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ അര്‍ദ്ധരാത്രി മുതൽ നിരോധിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നോട്ടുകൾ മാറിയെടുക്കാൻ ജനങ്ങൾക്ക് നേരിടേണ്ടി വന്ന ദുരിതമായിരുന്നു പിന്നീടുള്ള കുറേ മാസങ്ങളിൽ. നോട്ട് നിരോധനം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും നോട്ടുകൾ തിരിച്ചെത്തിയത് സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകൾ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
ഓർമയുണ്ടോ വലഞ്ഞുപോയ ദിനങ്ങൾ?
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്നായിരുന്നു 2016-ലെ നോട്ട് നിരോധനം. കള്ളപ്പണം തുടച്ചുനീക്കാൻ ലക്ഷ്യമിട്ട നോട്ട് നിരോധനം ഇന്ത്യൻ സമ്പദ്ഘടനയിൽ കാര്യമായ ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്നാണ് പുറത്തുവരുന്ന കണക്കുകൾ. ആളുകളുടെ കയ്യിലുള്ള പണം 2016-നെക്കാൾ 57 ശതമാനം കൂടിയെന്നാണ് ആർബിഐയുടെ തന്നെ കണക്ക്.
പൊരിവെയിലത്ത്, ചോരയും നീരും വറ്റിച്ച് സാധാരണക്കാര്‍ വരി നിന്ന ഒരു കാലം. സര്‍ക്കാരിന്‍റെ ഉദ്ദേശശുദ്ധിയിൽ സംശയിക്കാതെ ജനങ്ങൾ വേദനയും കഷ്ടപ്പാടും സഹിച്ചു. എന്നാൽ അഞ്ച് വര്‍ഷത്തിനിപ്പുറം ആർബിഐ തന്നെ പുറത്തുവിടുന്ന കണക്കുകൾ കാണുക. ആർക്ക് വേണ്ടി, എന്തിന് വേണ്ടിയായിരുന്നു നോട്ട് നിരോധനമെന്ന പൊതുജനങ്ങളുടെ ചോദ്യത്തിന് കേന്ദ്രസർക്കാർ എന്നെങ്കിലും മറുപടി പറഞ്ഞേ പറ്റൂ.
2016 നവംബര്‍ 8-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആ പ്രഖ്യാപനം നടത്തിയത് ഞെട്ടലുണ്ടാക്കിയെങ്കിലും ആളുകൾ കയ്യടിച്ചു. ധീരമായ തീരുമാനമെന്ന് വിലയിരുത്തി. 17.97 ലക്ഷം കോടി രൂപയായിരുന്നു ആർബിഐയുടെ കണക്ക് അനുസരിച്ച് അന്ന് ആളുകളുടെ കൈകളിൽ ഉണ്ടായിരുന്നത്. കള്ളപ്പണം തുടച്ചുനീക്കപ്പെടുന്നതോടെ ഇത് 14 ലക്ഷം കോടി രൂപയിലേക്ക് ചുരുങ്ങുമെന്നും സര്‍ക്കാര്‍ കരുതി.
എന്നാൽ കഴിഞ്ഞ എട്ടാം തീയതി പുറത്തുവന്ന ആർബിഐയുടെ കണക്ക് അനുസരിച്ച് ഇപ്പോൾ ആളുകളുടെ കയ്യിലുള്ള പണം 29 ലക്ഷം കോടി രൂപക്ക് മുകളിലാണ്. എന്നുവെച്ചാൽ നോട്ട് നിരോധനം നടപ്പാക്കിയ സമയത്തേക്കാൾ 57 ശതമാനം കൂടുതൽ. കൊവിഡ് കൂടി വന്നതോടെ കൂടുതൽ പണം ജനം കൈയ്യിൽ വച്ചു തുടങ്ങിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നോട്ടുനിരോധിച്ചപ്പോൾ സര്‍ക്കാര്‍ നിരത്തിയ കള്ളപ്പണ കണക്കും ആർബിഐയുടെ കണക്കും ഒരിക്കലും ചേരുന്നതല്ല.
നോട്ട് നിരോധനത്തിലൂടെ 4 ലക്ഷം കോടി രൂപ ബാങ്കുകളിലേക്ക് തിരിച്ചെത്തില്ല എന്നായിരുന്നു വാദം. തിരിച്ചുവരാതിരുന്നാൽ അത്രയും തുക ആർബിഐയിൽ സര്‍ക്കാര്‍ ഖജനാവിലേക്ക്എത്തും. പക്ഷെ, 99.3 ശതമാനം നോട്ടുകളും ബാങ്കിൽ തിരിച്ചെത്തി. ചുരുക്കത്തിൽ നോട്ടുകൾ മാറാൻ ജനത്തിന് തെരുവിൽ അലയേണ്ടി വന്നതും പലരുടെയും ജീവിതം പെരുവഴിയിലായതും മാത്രം മിച്ചം.