2100 രൂപ അടയ്ക്കൂ, നാല് ശതമാനം പലിശയ്ക്ക് അഞ്ച് ലക്ഷം രൂപ ലോണ്‍! സത്യമോ? Fact Check
പ്രധാനമന്ത്രി മുദ്രാ പദ്ധതി പ്രകാരം ലോണ്‍ ലഭ്യം എന്ന തലക്കെട്ടോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ അനുമതി കത്ത് പ്രചരിക്കുന്നത്
ദില്ലി: പിഎം മുദ്രാ യോജന പദ്ധതി പ്രകാരം 2100 രൂപ അടച്ചാല്‍ അഞ്ച് ലക്ഷം രൂപ ലോണ്‍ ലഭിക്കുമോ? വാട്സ്ആപ്പും ട്വിറ്ററും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അനുമതി കത്തിലാണ് ഈ അവകാശവാദം. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ആകര്‍ഷകമായ ഈ ലോണ്‍ നല്‍കുന്നത് എന്നും കത്തില്‍ കാണാം. ഓഫര്‍ കണ്ട് പലരും തലയില്‍ കൈവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ലോണിന്‍റെ വസ്‌തുത എന്താണ് എന്ന് നോക്കാം.
പ്രചാരണം
പ്രധാനമന്ത്രി മുദ്രാ പദ്ധതി പ്രകാരം ലോണിന് അനുമതി എന്ന തലക്കെട്ടോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ അനുമതി കത്ത് പ്രചരിക്കുന്നത്. 'നിങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ലോണ്‍ പാസായിരിക്കുന്നു. 4 ശതമാനം മാത്രമാണ് പലിശ നിരക്ക്. തിരിച്ചടവ് കാലാവധിക്ക് അനുസരിച്ച് പലിശ നിരക്കില്‍ മാറ്റം വരാം. ലോണ്‍ ലഭിക്കുവാനായി 2100 രൂപ അടയ്ക്കുക. ലോണിന്‍റെ പ്രൊസസിംഗിനും അനുമതിക്കുമായി എല്ലാ ടാക്സുകളും ഉള്‍പ്പടെയുള്ള തുകയാണിത്. ഈ അനുമതി കത്തിനൊപ്പം നിരവധി രേഖകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അവ വ്യക്തമായി വായിച്ച് മനസിലാക്കിയ ശേഷം എത്രയും വേഗം അപേക്ഷ ഫോം തിരികെ തരിക' എന്നുമാണ് കത്തിലുള്ളത്.
വസ്‌തുത
2100 രൂപ അടച്ചാല്‍ കുറഞ്ഞ പരിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ ലോണ്‍ ലഭിക്കും എന്ന പ്രചാരണം വ്യാജമാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അനുമതി കത്ത് വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. അനുമതി കത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയത് അല്ല. കണ്ണഞ്ചിപ്പിക്കുന്ന ഓഫര്‍ കണ്ട് അഞ്ച് ലക്ഷം രൂപ ലോണ്‍ ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് വ്യക്തിവിവരങ്ങളും പണവും കൈമാറി ആരും വഞ്ചിതരാവരുത്. എന്താണ് മുദ്രാ പദ്ധതി എന്ന് വിശദമായി അറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ലോണ്‍ സംബന്ധമായ തട്ടിപ്പുകളെ കുറിച്ച് മുമ്പും പിഐബി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read more: രാമക്ഷേത്ര പ്രതിഷ്ഠ; യെച്ചൂരിയുടെ പ്രസ്താവനയായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിലുള്ള കാര്‍ഡ് വ്യാജം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം