ഇന്ത്യയിൽ എടിഎമ്മുകളുടെ എണ്ണം കുറയുന്നു! ഒരു വർഷത്തിനുള്ളിൽ 4,000 മെഷീനുകളുടെ കുറവ്, കാരണം ഇതോ...
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, രാജ്യത്ത്, 2023 സെപ്റ്റംബറിൽ 219,000 എടിഎമ്മുകൾ ഉണ്ടായിരുന്നു. 2024 സെപ്റ്റംബറിൽ ഇത് 215,000 ആയി കുറഞ്ഞു,
രാജ്യത്തെ ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകളുടെയും (എടിഎം) ക്യാഷ് റീസൈക്ലറുകളുടെയും (സിആർഎം) എണ്ണം കുറയുന്നതായി റിപ്പോർട്ട്. രാജ്യം ഡിജിറ്റൽ ബാങ്കിങ്ങിലെക്ക് ചുവടു മാറ്റിയതാണ് ഇതിനു കാരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത്, യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെൻ്റുകളുടെ സ്വീകാര്യത വർദ്ധിച്ചുവരുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, രാജ്യത്ത്, 2023 സെപ്റ്റംബറിൽ 219,000 എടിഎമ്മുകൾ ഉണ്ടായിരുന്നു. 2024 സെപ്റ്റംബറിൽ ഇത് 215,000 ആയി കുറഞ്ഞു, ഒരു വര്ഷം കൊണ്ട് 4000 എടിഎമ്മുകൾ ആണ് ഇല്ലാതായത്.
സൗജന്യ എടിഎം ഉപയോഗം, ഇൻ്റർചേഞ്ച് ഫീസ് എന്നിവ സംബന്ധിച്ച ആർബിഐയുടെ നിയന്ത്രണങ്ങൾ എടിഎമ്മുകളിലെ നിക്ഷേപം കുറയുന്നതിന് കാരണമായിട്ടുണ്ടെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. കാർഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക് പണം പിൻവലിക്കാൻ കാർഡ് ഉപയോഗിക്കുന്ന ബാങ്കിലേക്ക് അടയ്ക്കുന്ന ചാർജാണ് എടിഎം ഇൻ്റർചേഞ്ച്. അതായത് മറ്റ് ബാങ്കുകളുടെ എംടിഎമ്മിൽ നിന്നും നിങ്ങള്‍ പണമെടുക്കുമ്പോള്‍ നിങ്ങളുടെ ബാങ്ക് കൂടുതൽ പണം നൽകേണ്ടിവരും. ഇത് നിങ്ങളിൽ നിന്നും കൂടുതൽ ചാർജ് ഈടാക്കാൻ കാരണമാകും
മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾക്ക് അനുസൃതമായി ബാങ്കിങ് മേഖലയും നവീകരിക്കപ്പെടുമ്പോൾ ഭാവിയിൽ എടിഎമ്മുകൾ ചിലപ്പോൾ അപ്രത്യക്ഷമായേക്കാം.
എടിഎമ്മുകളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, 1987 ജൂൺ 27 ന് ഹോങ്കോംഗ് ആൻഡ് ഷാങ്ഹായ് ബാങ്കിംഗ് കോർപ്പറേഷൻ (എച്ച്എസ്ബിസി) ആണ് മുംബൈയിൽ ആദ്യത്തെ എടിഎം സ്ഥാപിച്ചത്. ഇത് ഉപഭോക്താക്കളെ ബാങ്കിൽ നേരിട്ടെത്താതെ തന്നെ പണം പിൻവലിക്കാൻ അനുവദിച്ചു, ഇന്ത്യയിൽ ബാങ്കിങ് രംഗത്ത് വിപ്ലവം സൃഷിടിച്ച ഒന്നായിരുന്നു അടിഎമ്മിന്റെ വരവ് എന്നുതന്നെ പറയാം.