കർഷകർക്കും ഉപയോക്താക്കൾക്കും കൈത്താങ്ങ്; ഇത് ഫാംഫെഡ് വിജയഗാഥ
ഫാംഫെഡ് എന്ന ബ്രാൻഡിലൂടെ പച്ചക്കറികൾ, സുഗന്ധവ്യജ്ഞനങ്ങൾ, മത്സ്യം എന്നിങ്ങനെ മലയാളികൾക്ക് വിവിധതരം ഉൽപ്പന്നങ്ങളുടെ ഒരു സമ്പൂർണ്ണ നിരയാണ് ആസ്വദിക്കാനാകുക
കലർപ്പില്ലാത്ത ഭക്ഷണം ജനങ്ങൾക്ക് ലഭ്യമാക്കുക എന്നത് പ്രധാന ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സഹകരണ സംരംഭമാണ് സതേൺ ഗ്രീൻ ഫാർമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി. ഫാംഫെഡ് എന്ന ബ്രാൻഡിലൂടെ പച്ചക്കറികൾ, സുഗന്ധവ്യജ്ഞനങ്ങൾ, മത്സ്യം എന്നിങ്ങനെ മലയാളികൾക്ക് വിവിധതരം ഉൽപ്പന്നങ്ങളുടെ ഒരു സമ്പൂർണ്ണ നിരയാണ് ആസ്വദിക്കാനാകുക.
കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ 2008 മുതൽ പ്രവർത്തിക്കുന്ന സതേൺ ഗ്രീൻ ഫാർമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി, കേരളത്തിലും തമിഴ്നാട്ടിലുമായി കർഷകരെ ഒരുമിപ്പിച്ച സംരംഭം കൂടെയാണ്. മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് 2002, അനുസരിച്ച പ്രവർത്തിക്കുന്ന ഈ സഹകരണ സംരംഭം, കേരളത്തിലെ ആദ്യത്തെ മൾട്ടി സ്റ്റേറ്റ് കാർഷിക സൊസൈറ്റിയാണ്.
ഈ തരത്തിലെ ആദ്യ സംരംഭം എന്ന നിലയിൽ പുതിയ ദിശയും പാതയും വെട്ടിത്തെളിക്കുകയാണ് ഫാംഫെഡ്. വർഷങ്ങളായി ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും പര്യായമായി ഫാംഫെഡ് തുടരുന്നു. പൊതുസ്വകാര്യ മേഖലകളിലെ ഗുണങ്ങൾ സമന്വയിപ്പിച്ച് കാർഷിക ഗ്രാമീണ മേഖലയുടെ വികസനത്തിനാണ് ഫാംഫെഡ് പ്രാധാന്യം നൽകുന്നത്. പുതിയ സാങ്കേതികവിദ്യകൾക്കും ശാസ്ത്രീയ കൃഷിരീതികൾക്കും ഊന്നൽ നൽകുന്ന ഫാംഫെഡ്, സർക്കാർ പദ്ധതികളിലൂടെയും മുന്നേറുകയാണ്.
കർഷകരിൽ നിന്നും നേരിട്ട് ഉപയോക്താക്കളിലേക്ക്
കർഷകരെ ഒരുമിപ്പിക്കുന്ന ഫാംഫെഡ് നേരിട്ട് കർഷകരിൽ നിന്നും ഉൽപ്പന്നങ്ങൾ അതേ ഗുണമേന്മയോടെ ഉപയോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുകയാണ്.
"ഫാംഫെഡിന്റെ ഊർജമായ കർഷകർക്ക് പരമാവധി സഹായം എത്തിക്കുക എന്നതാണ് സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ലക്ഷ്യം. ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ ഫാംഫെഡ് പ്രതിജ്ഞാബദ്ധമാണ്" - സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രാജേഷ് ചന്ദ്രശേഖരൻ പിള്ളൈ പറയുന്നു.
സുഗന്ധവ്യജ്ഞനങ്ങളുടെ നാട്
ലോകത്തിന് പ്രിയപ്പെട്ട വിഭവമായി ഇന്നും നമ്മുടെ സുഗന്ധവ്യജ്ഞനങ്ങൾ തുടരുന്നു. പരമ്പരാഗത ഗുണമേന്മ നിലനിർത്തിക്കൊണ്ടുതന്നെ ഇന്ത്യയിൽ സുഗന്ധവ്യജ്ഞന കൃഷി പുത്തൻ സാങ്കേതികവിദ്യകളിലൂടെ നടപ്പാക്കുകയാണ് ഫാംഫെഡ്.
നിലവിൽ സൊസൈറ്റി ഇടുക്കി ജില്ലയിൽ 600-ൽ അധികം ഏക്കറിൽ സുഗന്ധവ്യഞ്ജനങ്ങളും തേയിലയും കൃഷി ചെയ്യുന്നുണ്ട്. തൃശ്ശൂർ ജില്ലയിലെ കേച്ചേരിക്കടുത്ത പ്രദേശത്ത് നാലരയേക്കറിൽ വാഴക്കൃഷി ആദ്യ വിളവെടുപ്പ് പൂർത്തിയായി. ഇതിനു പുറമേ കർണാടകയിൽ 120 ഏക്കറിൽ ശാസ്ത്രീയമായി വാഴ കൃഷിചെയ്തുവരുന്നു. വാഴകൾക്ക് ഇടവിളയായും അല്ലാതെയും വിവിധയിനം പച്ചക്കറികൾ ഇതിനൊപ്പം തന്നെ കൃഷി ചെയ്യുന്നു. ഇതോടൊപ്പം 50 ഏക്കറിൽ സുഗന്ധവ്യജ്ഞന വിളയായ ഇഞ്ചിയും കൃഷി ചെയ്യുന്നുണ്ട്. കർണാടകത്തിൽ അഞ്ഞൂറോളം ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് സൊസൈറ്റിയുടെ തീരുമാനം.
ഇന്ത്യയിൽ ബ്രാൻഡഡ് സുഗന്ധവ്യഞ്ജന വിപണി 50,000 കോടി രൂപ ടേണോവറിലേക്ക് കുതിക്കുകയാണ്. ഈ വ്യവസായത്തിന്റെ സാധ്യതകൾ ഉൾക്കൊണ്ടുകൊണ്ട് 'ഫാംഫെഡ്' എന്ന ബ്രാൻഡിൽ സൊസൈറ്റി സുഗന്ധവ്യഞ്ജനങ്ങളുടെയും ഉത്പന്നങ്ങളുടെയും ഉത്പാദനവും വിതരണവും പാലക്കാട് കിൻഫ്ര മെഗാ ഫുഡ് പാർക്കിലെ സ്വന്തം ഫാക്ടറിയിൽ നിന്ന് ആരഭിച്ചു. ഇത് കൂടാതെ അഞ്ച് വ്യത്യസ്ത ബ്രേക്ക് ഫാസ്റ്റ് പ്രൊഡക്റ്റുകളും വിപണി സാധ്യതകൾ ഉള്ള നിരവധി ഉത്പന്നങ്ങളും അണിയറയിൽ സജീവമായി ഒരുങ്ങുന്നുണ്ട്.
നല്ല മീൻ വിഭവങ്ങൾ കലർപ്പില്ലാതെ
തനത് മത്സ്യങ്ങളുടെ കൃഷിയിൽ ഫാംഫെഡ് പ്രത്യേകം ശ്രദ്ധ കൊടുക്കുന്നുണ്ട്. വാണിജ്യ മത്സ്യകൃഷിയിൽ പുതിയ മാതൃകയാണ് ഫാംഫെഡിന്റെത്.
“സമൃദ്ധമായ ജല സ്രോതസ്സുകളും കടൽത്തീരങ്ങളും കൊണ്ട് അനുഗ്രഹീതമാണ് കേരളമെങ്കിലും ഉയർന്ന അളവിലുള്ള മത്സ്യശേഖരണം മൂലം പ്രകൃതി സ്രോതസ്സുകളിൽ നിന്നുള്ള മത്സ്യത്തിന്റെ അളവ് ക്രമേണ കുറഞ്ഞുവന്നുകൊണ്ടിരിക്കയാണ്. തൽഫലമായി വാണിജ്യ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമായി വരുകയാണ്. ഇത് മനസ്സിലാക്കിക്കൊണ്ട് സൊസൈറ്റി, വല്ലാർപാടത്തും വട്ടക്കാട്ടുശ്ശേരിയിയിലുമായി 20 ഏക്കറോളം ജലഭൂമിയിൽ മൽസ്യകൃഷിക്കാരുമായി സംയുക്തമായി മത്സ്യകൃഷി ചെയ്തുവരികയാണ്.” - സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ മഹാവിഷ്ണു പറഞ്ഞു.
അഗ്രി ടൂറിസത്തിനൊപ്പം വളരും ഫാംഫെഡ്
അതിവേഗം വളരുന്ന ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഫാംഫെഡ് ശ്രമം തുടങ്ങിക്കഴിഞ്ഞു. വിവിധ കണക്കുകൾ പ്രകാരം വരും വർഷങ്ങളിൽ ഏകദേശം 46 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്ന വ്യവസായമായി ടൂറിസം മാറും. ഇതിൽ തന്നെ അഗ്രി ടൂറിസത്തിന്റെ സാദ്ധ്യതകൾ വളരെ വലുതാണ്. ഈ സാദ്ധ്യതകൾ മനസിലാക്കി ടൂറിസം രംഗത്ത് ചുവടുറപ്പിക്കുന്നതിൻ്റെ ഭാഗമായി നിരവധി പദ്ധതികളാണ് സൊസൈറ്റി വിഭാവനം ചെയ്തിട്ടുള്ളത്.
ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ടൂറിസം പാക്കേജുകളിൽ ഫാംഫെഡ് ശ്രദ്ധിക്കുന്നുണ്ട്. ഇതിന് പുറമെ സ്വന്തമായി റിസോർട്ടുകളും ഹോട്ടലുകളും തുടങ്ങാനുള്ള പദ്ധതിയും നിലവിലുണ്ട്. ഇതിന്റെ ഭാഗമായി വയനാട്ടിൽ “വയനാട് വില്ലേജ് ഇൻ” എന്ന റിസോർട്ട് തുടങ്ങിക്കഴിഞ്ഞു. കായൽ ടൂറിസത്തിന്റെ സാധ്യകൾ മുന്നിൽക്കണ്ട് ആലപ്പുഴ, എറണാകുളം ജില്ലകളിൽ പുതിയ പദ്ധതികൾ ഉടൻ വരും.
“സമൂഹത്തിലെ നിരവധിയായ സാധ്യതകളെ മുന്നിൽ കണ്ടുകൊണ്ട് അവയുമായി കൃഷിയെ ബന്ധിപ്പിച്ച് വിജയം കൊയ്യാൻ ഫാംഫെഡ് സൊസൈറ്റിക്ക് സാധിച്ചു. വരും നാളുകളിൽ വിപുലമായ രീതിയിൽ കൃഷി വർദ്ധിപ്പിക്കുന്നതിനൊപ്പം വിപണിയിലും, കയറ്റുമതിയിലും ഒരു നിറസാന്നിദ്ധ്യമായി ഫാംഫെഡ് മാറും. ഇത് സാധാരണക്കാരായ കർഷകരുടെയും മറ്റ് തൊഴിലാളികളുടെയും പുരോഗതിക്ക് കാരണമാകുകയും ചെയ്യും.” - സതേൺ ഗ്രീൻ ഫാർമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി മാനേജിങ്ങ് ഡയറക്ടർ, അഖിൻ ഫ്രാൻസിസ് പറഞ്ഞു.
“അതിവേഗം മാറുന്ന ഈ ലോകത്ത് ഗുണമേന്മയിലും വിശ്വസ്തതയിലും വിട്ടുവീഴ്ച്ചകളില്ലാതെ പുത്തൻ മാറ്റങ്ങളുമായി ജനങ്ങൾക്കൊപ്പം സഞ്ചരിക്കുകയാണ് ഫാംഫെഡ്. കർഷകർക്ക് പുതിയ അവസരങ്ങളും ഉപഭോക്താക്കൾക്ക് രുചിയിലും ഗുണമേന്മയിലും മികച്ചുനിൽക്കുന്ന പുതിയ ഉത്പ്പന്നങ്ങളും ഒരുക്കി, വിശ്വസ്തതയുടെ ഈ പ്രയാണം ഫാംഫെഡ് തുടരുന്നു.” - സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് ചെയർമാൻ അനൂപ് തോമസ് പറഞ്ഞു.
കർഷകർക്കും ഉപയോക്താക്കൾക്കും ഒരുപോലെ പ്രധാന്യം കൊടുക്കുന്ന പ്രസ്ഥാനം എന്നതാണ് ഫാംഫെഡിന്റെ ഏറ്റവും വലിയ പ്രത്യേകത. ജനങ്ങളുടെയും കർഷകരുടെയും വിശ്വാസമാർജ്ജിച്ച ഫാംഫെഡ്, ഇന്ത്യൻ കാർഷിക മേഖലയിൽ പുതിയ പരീക്ഷണങ്ങളും പദ്ധതികളും അവതരിപ്പിച്ച് മറ്റുള്ളവർക്ക് വഴികാട്ടി കൂടെയാകുകയാണ്.