മുഴുവൻ വേതനം നൽകാത്ത കമ്പനികൾ ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റ് കോടതിയിൽ ഹാജരാക്കണമെന്ന് കേന്ദ്രസർക്കാർ
കരാർ ജീവനക്കാരുടെയും ദിവസവേതന തൊഴിലാളികളുടെയും സംരക്ഷണത്തിന് വേണ്ടിയാണ് ഇത് പുറത്തിറക്കിയത്
ദില്ലി: കൊവിഡ് ലോക്ക്‌ഡൗൺ കാലത്ത് കമ്പനികൾ വേതനം വെട്ടിക്കുറക്കരുതെന്ന നിർദ്ദേശത്തിലുറച്ച് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിൽ ഈ നിലപാടിന് വേണ്ടി കേന്ദ്രം അതിശക്തമായി വാദിച്ചു. മുഴുവൻ വേതനം നൽകാൻ സാധിക്കില്ലെന്ന് പറയുന്ന കമ്പനികൾ ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റ് കോടതിയിൽ ഹാജരാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
മാർച്ച് 29 ന് പുറത്തിറക്കിയ ഉത്തരവ് താത്കാലികമായി സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ളതാണ്. കരാർ ജീവനക്കാരുടെയും ദിവസവേതന തൊഴിലാളികളുടെയും സംരക്ഷണത്തിന് വേണ്ടിയാണ് ഇത് പുറത്തിറക്കിയത്. മെയ് 18 മുതൽ ഈ ഉത്തരവ് പിൻവലിച്ചതാണെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.
കേന്ദ്ര നിർദ്ദേശം ചോദ്യം ചെയ‌്തുള്ള ഹർജി ഉത്തരവിനായി മാറ്റി. അതുവരെ വേതനം വെട്ടിക്കുറയ്ക്കുന്ന കമ്പനികൾക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 12 ന് ഈ ഹർജിയിൽ സുപ്രീം കോടതി വിധി പറയും. ഇഎസ്ഐ ഫണ്ട് ഉപയോഗിച്ച് തൊഴിലാളികൾക്ക് ശമ്പളം നൽകിക്കൂടേ എന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നെങ്കിലും ഈ പണം വകമാറ്റാനാകില്ലെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി.