വായ്പ ചെലവേറിയതാകും; ഉയർന്ന റിപ്പോ നിരക്ക് ബാധിക്കുന്നത് എങ്ങനെ എന്നറിയാം
ആർബിഐ പലിശ നിരക്ക് ഉയർത്തിയത് എങ്ങനെ വായ്പ എടുത്തവരെ ബാധിക്കും? റിപ്പോ വീഴ്ത്തുന്നത് ആരെയൊക്കെ എന്നറിയാം
ഈ വർഷത്തെ നാലാമത്തെ നിരക്ക് വർദ്ധനയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് നടപ്പിലാക്കിയത്. 50 ബേസിസ് പോയിന്റ് നിരക്ക് വർദ്ധന ഉണ്ടാവുമെന്ന് പ്രവചനങ്ങൾ സത്യമാക്കികൊണ്ട് ആർബിഐ റിപ്പോ നിരക്ക് 5.9 ആക്കി ഉയർത്തി. ആർബിഐ റിപ്പോ ഉയർത്തിയാൽ അത് സാധാരണക്കാരുടെ ഉൾപ്പടെയുള്ളവരുടെ നിത്യജീവിതത്തിൽ എങ്ങനെ ബാധിക്കും? അതിന് ആദ്യം അറിയേണ്ടത് റിപ്പോ നിരക്ക് എന്താണെന്നുള്ളതാണ്.
എന്താണ് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ?
ആർബിഐ ബാങ്കുകൾക്ക് നൽകുന്ന പണത്തിന് മേലെ റദ്ദാക്കുന്ന പലിശയാണ് റീപോ നിരക്ക്. അതായത് ആർബിഐ രാജ്യത്തെ ബാങ്കുകൾക്ക് വായ്പ നൽകുന്നതിന്റെ പലിശ നിരക്ക്. റിവേഴ്‌സ് റിപ്പോ നിരക്ക് എന്നത് ബാങ്കുകൾ ആർബിഐയിൽ നിക്ഷേപിക്കുന്ന പണത്തിന് ലഭിക്കുന്ന പലിശ നിരക്കാണ്.
Read Also: ഒക്ടോബറിൽ 21 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും; അറിയാം ബാങ്ക് അവധികൾ
എങ്ങനെ വായ്പ എടുത്തവരെ ബാധിക്കും?
ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങി വിവിധ വായ്പകൾക്ക് ഇനി കൂടുതൽ പലിശ നൽകേണ്ടി വരും. അതായത് വീടോ കാറോ വാങ്ങാൻ വായ്പ എടുക്കുന്നുണ്ടെങ്കിൽ കൂടുതൽ പലിശ നൽകാൻ തയ്യാറാവുക എന്നർത്ഥം. ആർബിഐ പലിശ നിരക്ക് ഉയർത്തിയതോടുകൂടി രാജ്യത്തെ വിവിധ ബാങ്കുകൾ ഇനി നിക്ഷേപ വായ്പാ പലിശകൾ ഉയർത്തും. ഇതോടെ വിവിധ വായ്പകളുടെ പലിശ കൂടും, ഇഎംഐ തുക വർദ്ധിക്കും. ഉദാഹരണമായി ഭവന വായ്പ പരിശോധിക്കാം. 8.5 പലിശ നിരക്കിൽ 20 വർഷം കാലാവധിക്ക് നിങ്ങൾ 50 ലക്ഷം രൂപ ഭവനവായ്പ വാങ്ങിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഇഎംഐ 43,391 രൂപയായിരിക്കും. എന്നാൽ റിപ്പോ ഉയർന്നതോടുകൂടി ഇഎംഐ 44,986 രൂപയായി ഉയർന്നു. പ്രതിമാസം 595 രൂപയുടെ വർദ്ധനവാണ് ഉണ്ടാകുക. ഇതുപോലെ തന്നെ മറ്റ് വായ്പകളെയും ഇഎംഐകളെയും നിരക്ക് വർദ്ധന ബാധിക്കും.