960 കോടിയുടെ ഓഹരികള്‍ സംഭാവന ചെയ്ത് ഇലോൺ മസ്‌ക്; ആർക്കെന്നുള്ളത് മാത്രം ദുരൂഹം
ടെസ്‌ലയുടെ 2.68 ലക്ഷം ഓഹരികളാണ് ഇത്തരത്തില്‍ സന്നദ്ധ സംഘടനകള്‍ക്ക് സംഭാവനയായി ഇലോണ്‍ മസ്ക് നല്‍കിയത്.
പുതുവര്‍ഷത്തിന് രണ്ട് ദിവസം മുന്‍പേ സന്നദ്ധ സംഘടനകള്‍ക്ക് കൈമാറിയത് രണ്ടു ലക്ഷത്തിലധികം ഓഹരികള്‍. സന്നദ്ധ സംഘടനകളുടെ പേര് വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല്.. പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ ഇലോണ്‍ മസ്കിന്‍റെ ദുരൂഹമായ ചില ഇടപാടുകളെ കുറിച്ചാണ്. തന്‍റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്‌ലയുടെ 2.68 ലക്ഷം ഓഹരികളാണ് ഇത്തരത്തില്‍ സന്നദ്ധ സംഘടനകള്‍ക്ക് സംഭാവനയായി ഇലോണ്‍ മസ്ക് നല്‍കിയത്. 960 കോടി രൂപ മൂല്യം വരുന്നതാണ് ഈ ഓഹരികള്‍. വര്‍ഷത്തിന്‍റെ അവസാനം നികുതി ഇളവുകള്‍ നേടുന്നതിനാണ് ഇലോണ്‍ മസ്ക് വന്‍തോതില്‍ സംഭാവനകള്‍ നല്‍കിയത് എന്നാണ് സൂചന
ഇലോണ്‍ മസ്ക് നേരത്തെയും ഇത്തരത്തില്‍ ടെസ്‌ലയുടെ ഓഹരികള്‍ സംഭാവനയായി നല്‍കിയിട്ടുണ്ട്. 2021ല്‍ 5700 കോടി ഡോളറിന്‍റെ ഓഹരികളാണ് പേര് വെളിപ്പെടുത്താത്ത സന്നദ്ധ സംഘടനകള്‍ക്ക് മസ്ക് സംഭാവനയായി നല്‍കിയത്. ഇലോണ്‍ മസ്കിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള സന്നദ്ധ സംഘടനകള്‍ക്ക് ആണ് ഈ ഓഹരികള്‍ ലഭിച്ചത് എന്നാണ് സൂചന. കഴിഞ്ഞവര്‍ഷം 237 ദശലക്ഷം ഡോളറിന്‍റെ സംഭാവനയാണ് ഇലോണ്‍ മസ്ക് നല്‍കിയത് . ഇതും മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സന്നദ്ധ സംഘടനകള്‍ക്കാണ് ലഭിച്ചത്. 42,120 കോടി ഡോളറാണ് ഇലോണ്‍ മസ്കിന്‍റെ ആകെ ആസ്തി. ടെസ്ലയില്‍ മസ്കിന് 13 ശതമാനം ഓഹരിയുണ്ട്. മസ്കിന്‍റെ ആകെ ആസ്തിയില്‍ ടെസ്ലയുടെ വിഹിതം ഏകദേശം നാലില്‍ മൂന്ന് ഭാഗമാണ്. ടെസ്ലയെ കൂടാതെ,സ്പേസ് എക്സ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ എക്സ്, എന്നിവയും മസ്കിന്‍റെ ഉടമസ്ഥതയിലുള്ളവയാണ്. കഴിഞ്ഞ വര്‍ഷം മാത്രം മസ്കിന്‍റെ ആസ്തി 41.2 ബില്യണ്‍ ഡോളര്‍ ആണ് വര്‍ദ്ധിച്ചത്