'ധൈര്യമുണ്ടെങ്കിൽ പൊതു സംവാദത്തിന് വരൂ'; ട്വിറ്റർ സിഇഒയെ വെല്ലുവിളിച്ച് ഇലോൺ മസ്‌ക്
ഇലോൺ മസ്‌കും ട്വിറ്ററും തമ്മിലുള്ളപോര് മുറുകുന്നു. ട്വിറ്റർ സിഇഒ പരാഗ് അഗർവാളിനെ പൊതു സംവാദത്തിന് വെല്ലുവിളിച്ച് ഇലോൺ മസ്‌ക്
വാഷിംഗ്‌ടൺ: ട്വിറ്റർ (Twitter) സിഇഒ പരാഗ് അഗർവാളിനെ പൊതു സംവാദത്തിലേക്ക് ക്ഷണിച്ച് ശതകോടീശ്വരനായ ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് (Elon Musk). ഇതോടെ ഇലോൺ മസ്‌കും ട്വിറ്ററും തമ്മിലുള്ള പോര് മുറുകകയാണ്. സ്പാം ബോട്ടുകളും വ്യാജ അക്കൗണ്ടുകളും കണക്കാക്കുന്ന ട്വിറ്ററിന്റെ രീതി തെറ്റാണെന്ന് മസ്‌ക് ആരോപിച്ചു. ട്വിറ്ററിൽ തന്നെ വന്ന ഒരു ചോദ്യത്തിന് മറുപടി കുറിച്ചതായിരുന്നു മസ്‌ക്.
മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്നും ഇലോൺ മസ്‌ക് മസ്‌ക് പിന്മാറിയിരുന്നു. ട്വിറ്റർ വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ശരിയായ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് 44 ബില്യൺ ഡോളറിന്റെ ട്വിറ്റർ ഇടപാട് മസ്‌ക് അവസാനിപ്പിച്ചത്. ഇതിനെ തുടർന്ന് ട്വിറ്റർ ബോർഡ്, എലോൺ മസ്‌കിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ്. ഇതിനെതിരെ മസ്‌കും നിയമ പോരാട്ടത്തിനിറങ്ങി. ട്വിറ്റെറിനെതിരെ കൗണ്ടർ സ്യൂട്ട് ഫയൽ ചെയ്തു.
Read Also: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തോ? ഓൺലൈനായി സ്റ്റാറ്റ്‌സ് പരിശോധിക്കാം
സ്‌പാമിനെയും വ്യാജ അക്കൗണ്ടുകളെയും കുറിച്ച് മസ്‌ക് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ ട്വിറ്റർ അവ്യക്തമായ ഡാറ്റയാണ് നൽകിയതെന്ന് ഡാറ്റാ അനലിസ്റ്റ് ആൻഡ്രിയ സ്ട്രോപ്പ ട്വീറ്റ് ചെയ്തു. കാലഹരണപ്പെട്ട ഡാറ്റയാണ് ട്വിറ്റർ നൽകിയതെന്ന് അവർ കുറിച്ചു. ഈ ട്വീറ്റിന് മറുപടി നല്കിയതായിരുന്നു മസ്‌ക്. നല്ല രീതിയിൽ കാര്യങ്ങൾ അപഗ്രഥിച്ചുവെന്നും അതിൽ അഭിനന്ദനം അറിയിക്കുന്നുവെന്നും മസ്‌ക് കുറിച്ചു. തുടർന്ന് ഒരു പൊതു സംവാദത്തിന് പരാഗ് അഗർവാളിനെ വെല്ലുവിളിക്കുന്നു എന്നും മസ്‌ക് കുറിച്ചു.
പ്രതിദിന സജീവ ഉപയോക്താക്കളിൽ 5 ശതമാനം മാത്രമാണ് സ്പാം പ്രൊഫൈലുകളെന്ന് ട്വിറ്റർ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് ഏകദേശം 237.8 ദശലക്ഷമാണ് എന്ന് മസ്‌ക് ആരോപിക്കുന്നു. പ്രതിദിനം 1 ദശലക്ഷം സ്പാം അക്കൗണ്ടുകൾ തടയുന്നുണ്ടെന്ന് ട്വിറ്റർ മുൻപ് അവകാശപ്പെട്ടിരുന്നു.
Read Also: ലോക രാജ്യങ്ങൾ ബഹിഷ്കരിച്ചു, കൂടെ കൂട്ടി ഇന്ത്യ; രാജ്യത്ത് റഷ്യൻ ക്രൂഡ് ഓയിൽ നിറയുന്നു
സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ, കരാറിൽ നിന്ന് താൻ പുറത്തുപോകുമെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. ട്വിറ്ററിനെ കൂടുതൽ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ നീളം കൂട്ടുക, അൽഗൊരിതം മാറ്റുക, കൂടുതൽ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നൽകുക എന്നെ ലക്ഷ്യങ്ങൾ ട്വിറ്റർ ഏറ്റെടുക്കുന്നതിലൂടെ നേടാൻ ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് പറഞ്ഞിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്ക് പ്രഖ്യാപിച്ചത്. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിലെത്തിയത്. 4,400 കോടി ഡോളറിനാണ് കരാറായത്. മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നത് തടയാൻ അവസാന ശ്രമമെന്നോണം പോയ്‌സൺ പിൽ വരെ ട്വിറ്റര്‍ മസ്ക്കിനെതിരെ പ്രയോഗിച്ചെങ്കിലും രക്ഷയില്ലായിരുന്നു. 44 ബില്യൺ ഡോളർ എന്ന മസ്‌ക് വാഗ്ദാനം ചെയ്ത ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാന്‍ ഓഹരി ഉടമകളില്‍ നിന്ന് ട്വിറ്ററിന് വളരെ അധികം സമ്മര്‍ദമുണ്ടായിരുന്നു. തുടർന്ന് ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാറിൽ ഇലോണ്‍ മസ്കും കമ്പനിയും തമ്മിൽ ധാരണയായി.
Read Also: ക്രെഡിറ്റ് സ്‌കോറിൽ സംശയങ്ങളുണ്ടോ? പരാതികൾ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ നേരിട്ട് ആർബിഐയെ സമീപിക്കാം