സിബിൽ സ്കോറില്ലേ? ടെൻഷനാകേണ്ട, ക്രെഡിറ്റ് കാര്‍ഡ് എടുത്ത് ക്രെഡിറ്റ് സ്കോർ കൂട്ടാനുള്ള വഴികൾ ഇതാ
ക്രെഡിറ്റ് കാർഡ് ലഭിച്ചുകഴിഞ്ഞാൽ, പലചരക്കുകൾ വാങ്ങൽ, ബിൽ പേയ്‌മെന്റുകൾ, മെഡിക്കൽ ചെലവുകൾ, ഓൺലൈൻ ഷോപ്പിംഗ്, ഹോട്ടൽ ഭക്ഷണം മുതലായവ പോലുള്ള പതിവ് ചെലവുകൾക്കായി ഇത് ഉപയോഗിക്കാം
ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ പദ്ധതിയുണ്ടോ..? പക്ഷെ നല്ല സിബില്‍ സ്കോറില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ബാങ്കുകള്‍ അനുവദിക്കാറില്ല. കാരണം ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ സാധാരണയായി സുരക്ഷിതമല്ലാത്ത വിഭാഗത്തിലാണ് ബാങ്കുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സിബില്‍ സ്കോര്‍ 750 ന് മുകളിലുണ്ടെങ്കില്‍ മാത്രമേ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കൂ. എന്നാല്‍ ഉയര്‍ന്ന സ്കോറില്ലാത്തവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കി അത് വഴി സിബില്‍ സ്കോര്‍ കൂട്ടാന്‍ ഒരു വഴിയുണ്ട്. ബാങ്കില്‍ സ്ഥിര നിക്ഷേപം ആരംഭിച്ച് അത് ഗ്യാരണ്ടിയാക്കി ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്ന മാർഗമാണിത്. ഇത്തരം ക്രെഡിറ്റ് കാർഡുകളെ സുരക്ഷിത ക്രെഡിറ്റ് കാര്‍ഡ് എന്നാണ് വിളിക്കുന്നത്. ഈ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കിയ ശേഷം അവയുടെ തുക കൃത്യമായി തിരിച്ചടച്ച് സിബില്‍ സ്കോര്‍ കൂട്ടാനാകും. ഈ ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗ പരിധി ആകെ സ്ഥിര നിക്ഷേപത്തിന്‍റെ 75 ശതമാനം മുതല്‍ 90 ശതമാനം വരെയായി നിജപ്പെടുത്തിയിട്ടുണ്ട്.
ക്രെഡിറ്റ് കാർഡ് ലഭിച്ചുകഴിഞ്ഞാൽ, പലചരക്കുകൾ വാങ്ങൽ, ബിൽ പേയ്‌മെന്റുകൾ, മെഡിക്കൽ ചെലവുകൾ, ഓൺലൈൻ ഷോപ്പിംഗ്, ഹോട്ടൽ ഭക്ഷണം മുതലായവ പോലുള്ള പതിവ് ചെലവുകൾക്കായി ഇത് ഉപയോഗിക്കാം. ക്രെഡിറ്റ് കാർഡ് ബിൽ വന്നുകഴിഞ്ഞാൽ, തുകയുടെ 100% അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. എല്ലാ മാസവും ഇത് കൃത്യമായി പാലിച്ചാൽ കാലക്രമേണ സിബിൽ സ്കോർ വർദ്ധിക്കുന്നു. ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, നിശ്ചിത തീയതിക്കുള്ളിൽ പ്രതിമാസ ബിൽ അടയ്ക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, സെക്യൂരിറ്റിയായി നൽകിയ സ്ഥിരനിക്ഷേപത്തിൽ നിന്ന് ബാങ്ക് ഈ പണം ഈടാക്കുമെന്നതാണ്.
ആദ്യമായി ക്രെഡിറ്റ് കാർഡ് എടുക്കുന്നവർക്ക് സിബിൽ സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് പുറമെ, മുൻകാലങ്ങളിൽ വീഴ്ച വരുത്തിയ ആളുകൾക്ക് അവരുടെ ക്രെഡിറ്റ് സ്കോർ മികച്ചതാക്കാനും സുരക്ഷിത ക്രെഡിറ്റ് കാർഡ് സഹായിക്കുന്നു. മുൻകാലങ്ങളിൽ ഏതെങ്കിലും ലോണുകളിലോ ക്രെഡിറ്റ് കാർഡ് തിരിച്ചടവുകളിലോ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ, അത് സിബിൽ സ്കോറിനെ ബാധിക്കും. അത്തരമൊരു സാഹചര്യത്തിൽ, ക്രെഡിറ്റ് കാർഡോ മറ്റേതെങ്കിലും വായ്പയോ നൽകാൻ ഏതൊരു ബാങ്കും മടിക്കും. ഈ പ്രതിസന്ധി മറികടക്കുന്നതിന് സുരക്ഷിത ക്രെഡിറ്റ് കാർഡ് വളരേയെറെ സഹായകരമായിരിക്കും