ദീപാവലിക്ക് കൊച്ചി നിറയും; വിമാന ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്ത് വിനോദ സഞ്ചാരികള്‍
ഇത്തവണത്തെ ദീപാവലി അവധിയുടെ ഭാഗമായുള്ള യാത്ര പ്ലാനുകള്‍ ഇപ്പോള്‍ തന്നെ ഭൂരിഭാഗം പേരും തയാറാക്കി കഴിഞ്ഞുവെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്
അവധിക്കാലത്ത് വീട്ടില്‍ ചടഞ്ഞ് കൂടിയിരിക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടിവരികയാണ്. കോവിഡിന് ശേഷമാണ് ഈ പ്രവണത ഉയര്‍ന്നുവന്നത്. ഇത്തവണത്തെ ദീപാവലി അവധിയുടെ ഭാഗമായുള്ള യാത്ര പ്ലാനുകള്‍ ഇപ്പോള്‍ തന്നെ ഭൂരിഭാഗം പേരും തയാറാക്കി കഴിഞ്ഞുവെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. അടുത്ത മാസം 31 ആം തീയതി ആഘോഷിക്കുന്ന ദീപാവലിയോടനുബന്ധിച്ചുള്ള യാത്രകള്‍ക്കായുളള വിമാന ടിക്കറ്റ് ബുക്കിംഗ് തകൃതിയായി നടക്കുകയാണ്. വേള്‍ഡ് ഓണ്‍ ഹോളിഡേ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ദീപാവലിയോട് അനുബന്ധിച്ച് ഫ്ലൈറ്റ് ബുക്കിംഗുകള്‍ 85% ആണ് വര്‍ദ്ധിച്ചിരിക്കുന്നത്. രാജ്യത്തെ ഏതാണ്ട് പന്ത്രണ്ടോളം സ്ഥലങ്ങളിലേക്കാണ് ഇതില്‍ ഭൂരിഭാഗം പേരും യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നത്. കൊച്ചിയും പട്ടികയിലിടം പിടിച്ചിട്ടുണ്ട്. ന്യൂ ഡല്‍ഹി, ബെംഗളൂരു, മുംബൈ, ജയ്പൂര്‍, ചെന്നൈ, കൊല്‍ക്കത്ത, ലഖ്നൗ, പോര്‍ട്ട് ബ്ലെയര്‍, പട്ന എന്നിവയാണ് ഈ വര്‍ഷത്തെ ദീപാവലി യാത്രയുടെ മറ്റ് പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍.
മുന്‍കൂര്‍ ബുക്കിംഗുകള്‍ ഉയരുന്നുവെന്നതാണ് ഇപ്പോള്‍ കണ്ടുവരുന്ന പ്രവണത. യാത്രക്കാര്‍ ശരാശരി 27 ദിവസം മുമ്പ് തന്നെ വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നുണ്ട്. ഗുവാഹത്തിയിലേക്കുള്ള ബുക്കിംഗില്‍ 386% ആണ് വര്‍ദ്ധന. ജയ്പൂരിലേക്കുള്ള ബുക്കിംഗ് 306% ഉം പട്നയിലേക്കുള്ള ബുക്കിംഗ് 271 ശതമാനവും വര്‍ധിച്ചു. ദീപാവലിയോട് അടുക്കുമ്പോള്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ വീണ്ടും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആണ് പലരും നേരത്തെ തന്നെ ഫ്ലൈറ്റുകള്‍ ബുക്ക് ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ വിമാന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ തന്നെ 15 ശതമാനം കൂടിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷത്തെ ദീപാവലിക്ക് ഒരാഴ്ച മുമ്പ്, ചില റൂട്ടുകളില്‍ നിരക്കുള്‍ ഏകദേശം ഇരട്ടിയായിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് നേരത്തെയുള്ള ബുക്കിംഗ്.