നികുതി അടച്ചില്ലെങ്കില്‍ പൂട്ടിക്കും; ഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പുകള്‍ക്ക് ജിഎസ്ടി വകുപ്പിന്‍റെ ആപ്പ്

നിയമപ്രകാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന, ഓണ്‍ലൈന്‍ മണി ഗെയിമിംഗ് കമ്പനികള്‍ ഐ ജി എസ് ടി നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് ജിഎസ്ടി അടയ്ക്കണം

DGGI can now send takedown orders against online money gaming apps evading GST

രക്ക് സേവന നികുതി അടയ്ക്കാതെ തട്ടിപ്പ് നടത്തുന്ന ഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ജി എസ് ടി വകുപ്പ്. ഇത്തരം ആപ്പുകളുടെ പ്രവര്‍ത്തനം തടയാനുള്ള നടപടികള്‍ക്ക് ചരക്ക് സേവന നികുതി വകുപ്പ് തുടക്കമിട്ടു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്‍റലിജന്‍സ് ആസ്ഥാനത്തുള്ള ഒരു ഉദ്യോഗസ്ഥന് ഇതുമായി ബന്ധപ്പെട്ട പൂര്‍ണ ചുമതല നല്‍കി. ഇതോടെ ഏതെങ്കിലും ഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പോ വെബ്സൈറ്റോ ചരക്ക് സേവന നികുതി അടച്ചില്ലെങ്കില്‍ അത്തരം വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള നോട്ടീസ് അയക്കാന്‍ ഈ ഉദ്യോഗസ്ഥന് സാധിക്കും.

നിയമപ്രകാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന, അതേ സമയം ഏതെങ്കിലും വിദേശ രാജ്യം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മണി ഗെയിമിംഗ് കമ്പനികള്‍ ഐ ജി എസ് ടി നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് ജിഎസ്ടി അടയ്ക്കണം. പല വിദേശ കമ്പനികളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുകയും എന്നാല്‍ ചരക്ക് സേവന നികുതി അടയ്ക്കാത്തതുമായ സാഹചര്യമുണ്ട്. ഇതേ തുടര്‍ന്നാണ് ഇത്തരം കമ്പനികള്‍ക്ക് നോട്ടീസ് അയക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നത്. ചരക്ക് സേവന നികുതി അടയ്ക്കാത്ത വെബ്സൈറ്റുകളും ആപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69 എ പ്രകാരം ബ്ലോക്ക് ചെയ്യും.

നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, സൈബര്‍ തട്ടിപ്പ്, ജുവനൈല്‍ കുറ്റകൃത്യങ്ങള്‍ എന്നിവ പോലെ ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗമായാണ്  ഓണ്‍ലൈന്‍ മണി ഗെയിമിംഗിനെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്‍റലിജന്‍സ് കണക്കാക്കുന്നത്. 78 കേസുകളിലായി ഓണ്‍ലൈന്‍ മണി ഗെയിമിംഗ് വ്യവസായം 81,875 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കളിക്കാര്‍ നിക്ഷേപിക്കുന്ന ആകെ തുകയ്ക്ക് 28% ജിഎസ്ടിയാണ് ഗെയിമിംഗ് സ്ഥാപനങ്ങള്‍ നല്‍കുന്നത്. വാതുവയ്പ്പ്, ചൂതാട്ടം പോലുള്ളവ വാഗ്ദാനം ചെയ്യുന്ന മിക്ക ഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പുകളുടേയും വെബ്സൈറ്റുകളുടേയും ആസ്ഥാനം ഇന്ത്യയിലല്ല. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്സ്, മാള്‍ട്ട തുടങ്ങിയ നികുതി കുറവായ സ്ഥലങ്ങളിലാണ് ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios