12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചു; പൂരം ഫിന്‍സെർവില്‍ പണം നിക്ഷേപിച്ചവർ പ്രതിഷേധവുമായി രംഗത്ത്
പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനത്തില്‍ അഞ്ചു ലക്ഷം മുതല്‍ അമ്പത് ലക്ഷം വരെ നിക്ഷേപിച്ചു കുടുങ്ങിയ നിരവധിപേരാണ് സമരവുമായി പൂരം ഫിന്‍സെര്‍വിന് മുന്നിലെത്തിയത്.
തൃശൂര്‍: തൃശൂരിലെ ധനകാര്യ സ്ഥാപനമായ പുരം ഫിൻസെർവിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. പൂരം ഫിൻസെർവിന്റെ ആസ്ഥാനത്തായിരുന്നു പ്രതിഷേധം. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം
പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനത്തില്‍ അഞ്ചു ലക്ഷം മുതല്‍ അമ്പത് ലക്ഷം വരെ നിക്ഷേപിച്ചു കുടുങ്ങിയ നിരവധിപേരാണ് സമരവുമായി പൂരം ഫിന്‍സെര്‍വിന് മുന്നിലെത്തിയത്. റിസര്‍വ്വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായതിനാലാണ് നിക്ഷേപകര്‍ കൂട്ടത്തോടെ ഇവിടേക്ക് എത്തിയത്. മൂവായിരത്തിലേറെ നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ചിട്ടുണ്ടെന്നാണ് സമര സമിതി ആരോപിക്കുന്നത്. കാലാവധി കഴിഞ്ഞിട്ടും പണം മടക്കി നല്‍കാതെ വന്നതോടെയാണ് നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായി പൊലീസിനെയും റിസര്‍വ്വ് ബാങ്കിനെയും സമീപിച്ചത്
പരാതി നല്‍കി ഒരു കൊല്ലത്തിലേറെയായിട്ടും ബാങ്ക് ഡയറക്ടര്‍മാരായ അനില്‍, സുനില്‍ എന്നീ സഹോദരന്മാരെ പൊലീസ് സംരക്ഷിക്കുകയാണെന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്. ഇവര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തുടര്‍ സമരമല്ലാതെ മറ്റു വഴിയില്ലെന്നും നിക്ഷേപകര്‍ പറയുന്നു. ഇരുനൂറു കോടിയിലേറെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.