ഈടായി നൽകിയ കമ്പനിയും ബൈജുവിന് നഷ്ടമായേക്കും; യുഎസ് കമ്പനിക്ക് നൽകേണ്ടത് ഭീമൻ തുക

 ഈടായി ഉപയോഗിച്ചിരുന്ന ബൈജൂസിന്‍റെ യുഎസ് അനുബന്ധ സ്ഥാപനമായ ബൈജൂസ് ആല്‍ഫ ഇങ്കിന്‍റെ നിയന്ത്രണം ബൈജൂസിന് വായ്പ നല്‍കിയവര്‍ക്ക് ഏറ്റെടുക്കാനും സാധിക്കും

Delaware Supreme Court holds Byju s in default of 1.5 billion dollar loan

വായ്പ എടുത്ത 1.2 ബില്യണ്‍ ഡോളര്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് എജ്യൂടെക് കമ്പനിയായ ബൈജൂസിനെതിരായ നിയമനടപടി യുഎസിലെ ഡെലവെയര്‍ കോടതി ശരിവച്ചു. ഇതോടെ  ഈടായി ഉപയോഗിച്ചിരുന്ന ബൈജൂസിന്‍റെ യുഎസ് അനുബന്ധ സ്ഥാപനമായ ബൈജൂസ് ആല്‍ഫ ഇങ്കിന്‍റെ നിയന്ത്രണം ബൈജൂസിന് വായ്പ നല്‍കിയവര്‍ക്ക് ഏറ്റെടുക്കാനും ഇത് വഴി സാധിക്കും. വായ്പ തിരിച്ചടയ്ക്കാന്‍ ബൈജുസിന്‍റെ മേലുള്ള സമ്മര്‍ദം കൂട്ടുന്നതാണ് കോടതി വിധി.

37 ധനകാര്യ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം ആണ് ബൈജൂസിന് 1.2 ബില്യണ്‍ ഡോളര്‍ (ഏകദേശം 10000 കോടി രൂപ ) വായ്പ അനുവദിച്ചത്. വായ്പാ ഉടമ്പടി പ്രകാരം വായ്പ നല്‍കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു ട്രസ്റ്റിന് അധികാരം നല്‍കുകയും ചെയ്തു. 2023 മാര്‍ച്ചില്‍ ബൈജൂസ് പ്രതിസന്ധിയിലായതോടെ വായ്പാ ദാതാക്കള്‍ ബൈജൂസിന് നോട്ടീസയച്ചു . ബൈജൂസ് ആല്‍ഫ ഇങ്കിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ വായ്പാ ദാതാക്കളെ പ്രതിനിധീകരിച്ച്  ഗ്ലാസ് ട്രസ്റ്റ് ശ്രമം തുടങ്ങിയതോടെ ബൈജൂസ് ഡെലവെയര്‍ സുപ്രീം കോടതിയില്‍ ഒരു അപ്പീല്‍ ഫയല്‍ ചെയ്തു, ന്യൂയോര്‍ക്ക് കോടതിയില്‍ ഒരു കേസ് നിലനില്‍ക്കുന്നതിനാല്‍ ഈ കേസ് തള്ളിക്കളയണമെന്നായിരുന്നു വാദം. ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

കോടതി നിയമിച്ച പങ്കജ് ശ്രീവാസ്തവയാണ് ഇപ്പോള്‍ ഇന്ത്യയില്‍ ബൈജൂസ് കൈകാര്യം ചെയ്യുന്നത്. ബൈജൂസില്‍ നിന്നും ലഭിക്കാനുള്ള കുടിശ്ശികകള്‍ക്കായി ക്ലെയിമുകള്‍ സമര്‍പ്പിക്കാന്‍ വായ്പാ ദാതാക്കള്‍ , ജീവനക്കാര്‍, വെണ്ടര്‍മാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍, ബൈജൂസ് കടം തിരിച്ചടയ്ക്കാനുള്ള 1,887 പേര്‍ മൊത്തം 12,500 കോടി രൂപയുടെ  ക്ലെയിമുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.  ഇവ  ഭൂരിഭാഗവും പരിശോധിച്ചുക്കൊണ്ടിരിക്കുകയാണ്.

കോവിഡിന് ശേഷം ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാന്ദ്യമാണ് ബൈജൂസിന് തിരിച്ചടിയായത്.   ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും ചേര്‍ന്ന് സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി വലിയ തോതിലുള്ള വിദേശ നിക്ഷേപം പലപ്പോഴായി നേടിയിരുന്നു. 2011 നും 2023 നും ഇടയില്‍ ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ബൈജൂസിന് ലഭിച്ചു. ഏതാണ്ട് 1.8 ലക്ഷം കോടി മൂല്യമുള്ള കമ്പനിയായി വളര്‍ന്ന ബൈജൂസിന്‍റെ തകര്‍ച്ച വളരെ പെട്ടെന്നായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios