ഇറാന്‍റെയും ഇസ്രയേലിന്‍റേയും പോരിൽ ഇന്ത്യക്കും ആധി; ഇന്ധന വില കുത്തനെ ഉയരും, സാമ്പത്തിക രംഗത്ത് ആശങ്ക
എണ്ണ സംഭരണ ശാലകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഭീതിയിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിക്കുകയാണ്. ക്രൂഡ് വില അഞ്ച് ശതമാനമാണ് നിലവിൽ ഇന്നലെ മാത്രം കൂടിയത്.
ദില്ലി: ഇസ്രായേലിനെ ഭീതിയിലാഴ്ത്തി ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. ഇറാന്‍റെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ പ്രത്യാക്രമണം നടത്തുമെന്ന സൂചന ശക്തമയതിന് പിന്നാലെയാണ് വില വർധനവ്. അപ്രതീക്ഷിത ആക്രമണം അന്താരാഷ്ട്ര വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ലബനോണിലെ തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ എണ്ണ സംഭരണ ശാലകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഭീതിയിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിക്കുകയാണ്. ക്രൂഡ് വില അഞ്ച് ശതമാനമാണ് ഇന്നലെ മാത്രം കൂടിയത്.
ഈ പ്രതിഭാസം തുടരുകയാണെങ്കിൽ അത് ഇന്ത്യയിലടക്കം പ്രതിഫലനം ഉണ്ടാകും. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയിൽ വലിയ മാറ്റമാണുണ്ടായത്. യെമനിലെ ഹൂതി വിമതർക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും തമ്മിൽ കൂടുതൽ സംഘർഷമുണ്ടാകുമെന്ന ഭയത്തിനിടയിലാണ് എണ്ണ വില ഉയർന്നത്. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളുടെ (ഒപെക്) പ്രധാന അംഗമാണ് ഇറാൻ.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ക്രൂഡ് ഓയിലിന്‍റെ വില വർധനവിനെ ആശ്രയിച്ചാണ് പ്രധാനമായും നില നിൽക്കുന്നത്. എണ്ണ ആവശ്യത്തിന്‍റെ 85 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, എണ്ണവില ഉയരുന്നാൽ വലിയ ആഘാതം ഇന്ത്യയിലും കാണാൻ കഴിയും. ഓഹരി വിപണിയിൽ കഴിഞ്ഞ ദിവസം വൻ തകർച്ചയാണ് നേരിട്ടത്.
നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 1.2 ശതമാനത്തിലധിം ഇടിവ് നേരിട്ടു. ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഐഒസി, ജിഎസ്പിഎല്‍ എന്നിവയാണ് കൂടുതല്‍ നഷ്ടംനേരിട്ടത്. സെന്‍സെക്‌സ് 1,750 ലേറെ പോയന്റ് തകര്‍ന്നു. നിഫ്റ്റിയാകട്ടെ 25,250 നിലവാരത്തിലുമെത്തി. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമായതോടെ ഏഷ്യന്‍ സൂചികകളോടൊപ്പം ഇന്ത്യൻ വിപണിയും വലിയ തകർച്ച നേരിട്ടു.