മൂന്ന് മാസം കൊണ്ട് അസംസ്കൃത എണ്ണവിലയിലെ വര്‍ധന 30%; പെട്രോള്‍, ഡീസല്‍ വിലയിലെ കുറവ് കിട്ടാക്കനിയോ?
ആഗോള വിപണിയില്‍ ക്രൂഡ് വില വീണ്ടും ഉയര്‍ന്നേക്കുമെന്നുള്ള സൂചനകള്‍ വരുന്നതിനിടെ ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്രത്തിന് സാധിക്കുമോ? അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസംസ്കൃത എണ്ണവിലയില്‍ എന്ത് മാറ്റമാണ് ഉണ്ടാവുക എന്നതും നിര്‍ണായകമാണ്
ആഗോളവിപണിയില്‍ അസംസ്കൃത എണ്ണവിലയിലെ വര്‍ധന തുടരുന്നു. പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങളായ സൗദി അറേബ്യയും റഷ്യയും ഉല്‍പാദനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 30 ശതമാനമാണ് അസംസ്കൃത എണ്ണവില വര്‍ധിച്ചത്.നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്‍റ് ക്രൂഡിന്‍റെ വില ബാരലിന് 92.68 ഡോളറാണ്. അധികം വൈകാതെ ക്രൂഡ് വില ബാരലിന് 100 ഡോളര്‍ കടക്കുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം അവസാനത്തോടെ ക്രൂഡിന്‍റെ ഉല്‍പാദനത്തില്‍ പ്രതിദിനം 1.3 ദശലക്ഷം ബാരലിന്‍റെ കുറവ് വരുത്താനാണ് ഇരുരാജ്യങ്ങളുടേയും തീരുമാനം. ഇക്കാര്യം പുറത്തുവന്നതോടെയാണ് ക്രൂഡ് വില വര്‍ധിച്ചുതുടങ്ങിയത്. നിലവില്‍ കഴിഞ്ഞ ഒമ്പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണ വില.
എണ്ണവില പൊതുതിരഞ്ഞെടുപ്പിലെ തുരുപ്പുചീട്ടോ?
പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെട്രോള്‍, ഡീസല്‍ വില കേന്ദ്രം കുറച്ചേക്കുമെന്ന് നേരത്തെ പല ദേശീയമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസത്തിന്‍റെ തുടക്കത്തില്‍ പാചകവാതക വില കുറച്ചതിന്‍റെ ചുവടുപിടിച്ചായിരുന്നു ഈ അഭ്യൂഹം. എന്നാല്‍ ആഗോളവിപണിയില്‍ വില കൂടിയതോടെ ഈ മാസം പാചകവാതക വില കേന്ദ്രത്തിന് കൂട്ടേണ്ടിവന്നു. ആഗോള വിപണിയില്‍ ക്രൂഡ് വില വീണ്ടും ഉയര്‍ന്നേക്കുമെന്നുള്ള സൂചനകള്‍ വരുന്നതിനിടെ ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്രത്തിന് സാധിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
തിരഞ്ഞെടുപ്പ് കാലത്തെ എണ്ണവില
അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസംസ്കൃത എണ്ണവിലയില്‍ എന്ത് മാറ്റമാണ് ഉണ്ടാവുക എന്നതും നിര്‍ണായകമാണ്. എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്‍റെ നിഗമനം അനുസരിച്ച് 2024ല്‍ അസംസ്കൃത എണ്ണയുടെ ഉപഭോഗം പ്രതിദിനം 2.25 ദശലക്ഷം ബാരല്‍ ആയിരിക്കും. ഈ വര്‍ഷമിത് 2.44 ദശലക്ഷം ബാരലാണ്. ഈ വ്യത്യാസം മറികടക്കാനും വിലയിടിവ് പിടിച്ചുനിര്‍ത്താനുമാണ് എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ സൗദിയും റഷ്യയും തീരുമാനിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം തുടക്കത്തിലും എണ്ണവിലയില്‍ കാര്യമായ കുറവുണ്ടാകാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ മേയില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ എണ്ണവില കുറച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് തന്ത്രം എത്രത്തോളം പ്രായോഗികമാണെന്നതാണ് ഉയരുന്ന ചോദ്യം