വിദേശത്തേക്ക് പോകുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ടോ? ഈ അധിക ചെലവ് നിങ്ങളെ വലച്ചേക്കാം
മറ്റൊരു കറൻസിയിൽ ഇടപാടുകൾക്കായി കാർഡ് വിദേശത്ത് ഉപയോഗിക്കുമ്പോഴെല്ലാം ഈ ഫീസ് അടയ്ക്കേണ്ടി വരും. വിദേശത്തെ ഇടപാടുകളിൽ ക്രെഡിറ്റ് കാർഡ് കമ്പനികൾ ഒരു മാർക്ക്അപ്പ് ഫീസ് ഈടാക്കുന്നു.
നിങ്ങൾ തായ്‌ലൻഡിലേക്ക് ഒരു യാത്ര പോകുന്നതിന് തീരുമാനിച്ചെന്ന് കരുതുക. പണം കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കാരണം ഇന്റർനാഷണൽ ക്രെഡിറ്റ് കാർഡ് കൊണ്ടുപോകാനും തീരുമാനിച്ചു! എന്നാൽ ഈ കാർഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ, നിങ്ങളുടെ ബില്ലിൽ ഒരു അധിക ചെലവ് ഒളിഞ്ഞിരിക്കുന്നുണ്ട്. ഇതാണ് മാർക്ക്അപ്പ് ഫീസ് . മറ്റൊരു കറൻസിയിൽ ഇടപാടുകൾക്കായി കാർഡ് വിദേശത്ത് ഉപയോഗിക്കുമ്പോഴെല്ലാം ഈ ഫീസ് അടയ്ക്കേണ്ടി വരും. വിദേശത്തെ ഇടപാടുകളിൽ ക്രെഡിറ്റ് കാർഡ് കമ്പനികൾ ഒരു മാർക്ക്അപ്പ് ഫീസ് ഈടാക്കുന്നു. ഈ ഫീസ് സാധാരണയായി ഇടപാട് തുകയുടെ 1.5% മുതൽ 3.5% വരെയാണ്. കൂടാതെ 18% ജിഎസ്ടിയും നൽകേണ്ടി വരും, ഉദാഹരണത്തിന്, 10,000 രൂപയുടെ ഇടപാടിന് മാർക്ക്അപ്പ് ഫീസ് 3% ആണെങ്കിൽ, 300 രൂപ അധികമായി അടയ്ക്കണം . ഇതിന്റെ ജിഎസ്ടി 54 രൂപയും. ഇതോടെ ആകെ അധിക ചെലവ് 354 രൂപയാണ്. 10000 രൂപയുടെ ഇടപാടിന് 10354 രൂപ നൽകണമെന്ന് ചുരുക്കം.
മാർക്ക് അപ്പ് ഫീ ഈടാക്കത്തതോ കുറഞ്ഞ ഫീ ഉള്ളതോ ആയ ക്രെഡിറ്റ് കാർഡുകളിതാ...
ഫെഡറൽ ബാങ്ക് സ്കാപിയ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്:
അന്താരാഷ്ട്ര ഇടപാടുകളിൽ ഫോറെക്സ് മാർക്ക്അപ്പ് ഫീ ഈടാക്കാത്ത ക്രെഡിറ്റ് കാർഡാണിത്. എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ ഇടപാടുകൾക്കും 10% സ്കാപിയ നാണയങ്ങളും ലഭിക്കും
ആക്സിസ് ബാങ്ക് ബർഗണ്ടി പ്രൈവറ്റ് ക്രെഡിറ്റ് കാർഡ് :
അന്താരാഷ്ട്ര ഇടപാടുകളിൽ ഫോറെക്സ് മാർക്ക്അപ്പ് ഫീസില്ല എന്നതാണ് ഈ കാർഡിന്റെ പ്രയോജനം. ആദ്യ ഇടപാടിന് 30,000 എഡ്ജ് റിവാർഡ് പോയിന്റുകളും ലഭിക്കും.
ആർബിഎൽ വേൾഡ് സഫാരി ക്രെഡിറ്റ് കാർഡ്:
വിദേശ കറൻസി ഇടപാടുകൾക്ക് മാർക്ക്അപ്പ് ഫീസ് ഈടാക്കില്ല. കാർഡ് ആക്ടിവേറ്റ് ചെയ്യുമ്പോൾ 3,000 രൂപ മൂല്യമുള്ള മേക്ക് മൈ ട്രിപ്പ് വൌച്ചർ ലഭിക്കും,
ബുക്ക്മൈ ഫോറെക്സ് ക്രെഡിറ്റ് കാർഡ്:
ബുക്ക്മൈ ഫോറെക്സ് മൾട്ടി-കറൻസി ട്രാവൽ ഫോറെക്സ് കാർഡുകൾക്ക് ഫോറെക്സ് മാർക്ക്അപ്പ് ഫീസില്ല. പ്രീപെയ്ഡ് മൾട്ടി-കറൻസി ഫോറെക്സ് കാർഡുകൾ വഴി പൂർണ്ണമായും സൗജന്യമായി കറൻസി കൈമാറ്റം ചെയ്യാനും സാധിക്കും.
ഐഡിഎഫ്സി ബാങ്ക് ഫസ്റ്റ് വൗ ക്രെഡിറ്റ് കാർഡ്:
ഓരോ 150 രൂപയ്ക്കും ഒരു രൂപ റിവാർഡ് ലഭിക്കുന്ന ക്രെഡിറ്റ് കാർഡാണിത്. ഫോറെക്സ് കൺവേർഷൻ ഫീസും ഇല്ല.