'ശമ്പളം 51 കോടി, ഒരു വർഷം കൊണ്ട് 43% വർധന'; എൽ&ടി ചെയർമാൻ്റെ ലക്ഷ്യം തൊഴിലാളി ചൂഷണമെന്ന് സിപിഎം എംപി
ആഴ്ചയിൽ 90 മണിക്കൂർ ജോലിയെന്ന എൽ&ടി ചെയർമാൻ്റെ നിർദ്ദേശത്തിനെതിരെ സിപിഎം നേതാവ് സു വെങ്കടേശൻ എംപി
ചെന്നൈ: ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന എൽ&ടി ചെയർമാൻ്റെ നിർദ്ദേശത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎം നേതാവും മധുര എംപിയുമായ സു വെങ്കടേശൻ. സുബ്രഹ്മണ്യൻ്റെ വാർഷിക വേതനം ചൂണ്ടിക്കാട്ടി തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഈ ആവശ്യം മുന്നോട്ട് വെച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എസ് എൻ സുബ്രഹ്മണ്യന്റെ നിർദേശം അസംബന്ധമെന്നാണ് മധുര എംപിയുടെ വിമർശനം. സുബ്രഹ്മണ്യന്റെ വാർഷിക ശമ്പളം 51 കോടി രൂപയാണ്. തൊട്ടുമുൻപത്തെ അപേക്ഷിച്ച് 43 ശതമാനം വർധനവാണ് അദ്ദേഹത്തിൻ്റെ ശമ്പളത്തിൽ ഉണ്ടായത്. സ്വന്തം വരുമാനം കൂട്ടാൻ വേണ്ടി തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ് സുബ്രഹ്മണ്യൻ. അലക്സാണ്ടർ രാജാവ് ശവപ്പെട്ടിയിൽ നിന്ന് കൈ പുറത്തേക്കിടാൻ ആവശ്യപ്പെട്ടത് ഇവരെ പോലുള്ളവർക്ക് വേണ്ടിയാണ്. സുബ്രഹ്മണ്യന്മാർ ഇനിയും വരുമെന്നും എട്ട് മണിക്കൂർ ജോലിക്ക് അർഹമായ വേതനം തൊഴിലാളികളുടെ അവകാശമാണെന്നും സു വെങ്കടേശൻ പറഞ്ഞു.