പുതിയ കൊവിഡ് ഭീഷണി 2023-ല്‍ ഇന്ത്യന്‍ ഓഹരി വിപണിയെ തകര്‍ക്കുമോ? രണ്ട് സാധ്യതകള്‍ ഇങ്ങനെ
നിക്ഷേപകർ ജാഗ്രതയിൽ, ചൈനയിൽ കൊവിഡ് കേസുകൾ ഉയരുന്നത് ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിക്കുന്നത് എങ്ങനെ? കൊവിഡ് ഭയത്തിൽ നിക്ഷേപകർ പിൻവാങ്ങാനുള്ള സാധ്യതകൾ
കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ വീണ്ടും രോഗനിരക്ക് ഉയരുന്നതും ഒമിക്രോണ്‍ വൈറസിന്റെ പുതിയ രൂപാന്തരമായ 'ബിഎഫ്.7', ഇന്ത്യയില്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതകളും ഓഹരി നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നു. എന്നാല്‍ പകര്‍ച്ചവ്യാധിയുടെ വ്യാപനത്തിന്റെ തോത് തീവ്രമല്ലെങ്കില്‍, 2023 വര്‍ഷത്തില്‍ ഓഹരി വിപണിയെ കോവിഡ് കേസുകള്‍ ഗുരുതരമായി സ്വാധീനിക്കില്ലെന്ന് രാജ്യത്തെ മുന്‍നിര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാളിന്റെ പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
സര്‍ക്കാരിന്റെ കാലേകൂട്ടിയുള്ള തയ്യാറെടുപ്പുകളും പൊതുജനങ്ങള്‍ക്ക് സമഗ്രമായി വാക്‌സിനേഷന്‍ നല്‍കിയിട്ടുള്ളതിനാലും ഇന്ത്യയില്‍ പുതിയ കോവിഡ് കേസുകള്‍ വലിയ തോതില്‍ ഉയരാനിടയില്ല. വ്യാപനത്തോത് താഴ്ന്നു നില്‍ക്കാനാണ് 80% സാധ്യത. പ്രത്യേകിച്ച് ഏതെങ്കിലും വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കില്ലെന്നും മോത്തിലാല്‍ ഒസ്വാള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അതേസമയം കോവിഡിന്റെ പ്രത്യാഘാതം സംബന്ധിച്ച രണ്ട് സാഹചര്യങ്ങളുടെ വിശകലനവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
>> രാജ്യത്ത് കോവിഡിന്റെ നാലാം തരംഗം, മിതാവസ്ഥയില്‍ നിന്നും രൂക്ഷമായി പടര്‍ന്നു പിടിക്കാനുള്ള സാധ്യത 20 ശതമാനമാണ്. അങ്ങനെയെങ്കില്‍ വ്യോമയാനം, വിനോദം (മള്‍ട്ടിപ്ലെക്‌സസ്), ഹോട്ടല്‍, ട്രാവല്‍, റീട്ടെയില്‍/റെസ്‌റ്റോറന്റ്‌സ് തുടങ്ങിയ മേഖലകളെ പ്രതികൂലമായി ബാധിക്കാം.
>> അതേസമയം കോവിഡിന്റെ പുതിയ വകഭേദം പടര്‍ന്നു പിടിക്കുന്നത സാഹചര്യം ഉടലെടുത്താല്‍ നേട്ടം കൊയ്യാന്‍ കഴിയുന്ന കമ്പനികളുമുണ്ട്. രോഗ പരിശോധനാ കേന്ദ്രം, ആശുപത്രി, ടെസ്റ്റിങ് കിറ്റ് നിര്‍മാണം, കോവിഡ് മരുന്ന് ഉത്പാദനം തുടങ്ങിയവയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് ഈ സാഹചര്യം അനുകൂലമാണ്.
(അറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ മാര്‍ഗോപദേശം തേടാം.)