പാചക വാതക വില കുത്തനെ കുറച്ച് കമ്പനികൾ; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 115 രൂപ 50 പൈസ
പാചക വാതക വിലയിൽ വീണ്ടും കുറവ് വരുത്തി എണ്ണ കമ്പനികൾ. വാണിജ്യ എൽപിജി വിലയിൽ ഏഴ് തവണയായി വില കുറയ്ക്കുന്നു. പുതുക്കിയ നിരക്കുകൾ അറിയാം
ദില്ലി: രാജ്യത്ത് പാചക വാതക വില കുറച്ച് എണ്ണ വിപണന കമ്പനികൾ. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഉപയോഗിക്കുന്ന വാണിജ്യ എൽപിജിയുടെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം കൊമേഴ്‌സ്യൽ എൽപിജിയുടെ സിലിണ്ടറിന് 115.50 രൂപ കുറഞ്ഞു.
ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞതിനെ തുടർന്നാണ് രാജ്യത്ത് എണ്ണ കമ്പനികൾ വില കുറച്ചിരിക്കുന്നത്. 2022 ജൂണിന് ശേഷം ഏഴാമത്തെ തവണയാണ് വാണിജ്യ എൽപിജി വില കുറയ്ക്കുന്നത്. 19 കിലോ വാണിജ്യ സിലിണ്ടറിന് ഏഴു തവണയായി 610 രൂപയാണ് കുറഞ്ഞത്.
ALSO READ : 'ഇന്ത്യയുടെ സ്റ്റീൽ മാൻ' ഓർമ്മയായി; ജംഷീദ് ജെ. ഇറാനിക്ക് വിട നൽകി രാജ്യം
വില കുറഞ്ഞതോടെ ദില്ലിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 1,859 രൂപയിൽ നിന്നും വില 1,744 രൂപയായി. കൊൽക്കത്തയിൽ 1959 ആയിരുന്ന 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ പുതിയ വില 1,846 രൂപയാണ്. മുംബൈയിൽ 1,696 രൂപയാണ്. ചെന്നൈയിൽ 1,893 രൂപയായപ്പോൾ കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ വില 1,863 രൂപയാണ്.
നിലവിൽ 14.2 കിലോഗ്രാം സിലിണ്ടറുകൾ ആണ് രാജ്യത്തെ എണ്ണ വിപണന കമ്പനികൾ വീടുകളിലെ ആവശ്യങ്ങൾക്കായി നൽകുന്നത്. പ്രധാൻ മന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് ഓരോ വർഷവും 12 സിലിണ്ടറുകൾക്ക് കേന്ദ്രം സബ്‌സിഡി വഴി നൽകുന്നു. ഈ തുക ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിച്ചേരും.
ഒക്‌ടോബർ ഒന്നിനും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. ഗാർഹിക പാചക വാതകത്തിന്റെ നിരക്ക് വിലയേക്കാൾ വളരെ കുറവായതിനാലാണ് അവയിൽ കുറവ് വാര്ത്തതെന്ന് കമ്പനികൾ പറയുന്നു. ഇപ്പോൾ അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവോടെ വാണിജ്യ എൽപിജി നിരക്കുകൾ കുറയ്ക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.