ഏപ്രിൽ 1 മുതൽ സിഗരറ്റ് വില ഉയരും; പുകയില ഉൽപന്നങ്ങളുടെ ജിഎസ്ടി നിരക്കും പുതിയ വിലയും അറിയാം
ഏറ്റവും ഉയർന്ന ജിഎസ്ടി നിരക്കായ 28 ശതമാനത്തിന് മുകളിലാണ് സെസ് ചുമത്തുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. നികുതിവെട്ടിപ്പിനെ ഒരു പരിധിവരെ തടയുമെങ്കിലും, സാമ്പത്തിക കാഴ്ചപ്പാടിൽ ഇത് ഒരു പിന്തിരിപ്പൻ പദ്ധതിയാണെന്ന് ആരോപണങ്ങളുണ്ട്.
ദില്ലി: സിഗരറ്റ്, പാൻ മസാല തുടങ്ങിയ പുകയില ഉൽപന്നങ്ങൾക്ക് ഏപ്രിൽ ഒന്ന് മുതൽ വില ഉയരും. ഇവയ്ക്ക് ഈടാക്കുന്ന ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ പരമാവധി നിരക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ചു. ഏറ്റവും ഉയർന്ന നിരക്ക് അവയുടെ ചില്ലറ വിൽപ്പന വിലയുമായി സർക്കാർ ബന്ധിപ്പിച്ചിരിക്കുന്നു. വെള്ളിയാഴ്ച ലോക്‌സഭ പാസാക്കിയ 2023ലെ ധനകാര്യ ബില്ലിലെ ഭേദഗതികളുടെ ഭാഗമായാണ് ഈ നീക്കം.
ഭേദഗതി അനുസരിച്ച്, പാൻ മസാലയ്ക്കുള്ള പരമാവധി ജിഎസ്ടി നഷ്ടപരിഹാര സെസ് നിരക്ക്, ഒരു യൂണിറ്റിന് ഈടാക്കുക റീട്ടെയിൽ വിൽപ്പന വിലയുടെ 51 ശതമാനം ആയിരിക്കും, ഇത് ഉൽപ്പന്നത്തിന് ഈടാക്കുന്ന നിലവിലെ 135 ശതമാനം തീരുവയ്ക്ക് പകരമാണ്. അതേസമയം പുകയിലയുടെ നിരക്ക് ആയിരം സ്റ്റിക്കുകൾക്ക് 4,170 രൂപയാക്കി.
ഏറ്റവും ഉയർന്ന ജിഎസ്ടി നിരക്കായ 28 ശതമാനത്തിന് മുകളിലാണ് സെസ് ചുമത്തുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. മാർച്ച് 24 ന് ലോക്‌സഭ പാസാക്കിയ ധനകാര്യ ബില്ലിലെ 75 ഭേദഗതികളിൽ ഒന്നിന്റെ അടിസ്ഥാനത്തിലാണ് പാൻ മസാല, സിഗരറ്റ്, മറ്റ് പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ പരിധി നിശ്ചയിച്ചിരിക്കുന്നത്.
ഈ മാറ്റം പാൻ മസാല, പുകയില വിതരണ കമ്പനികൾക്കുള്ള നികുതി നയത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കിയേക്കും. നികുതിവെട്ടിപ്പിനെ ഒരു പരിധിവരെ തടയുമെങ്കിലും, സാമ്പത്തിക കാഴ്ചപ്പാടിൽ ഇത് ഒരു പിന്തിരിപ്പൻ പദ്ധതിയാണെന്ന് ആരോപണങ്ങളുണ്ട്. മാത്രമല്ല, ബാധകമായ നഷ്ടപരിഹാര സെസ് വിലയിരുത്തുന്നതിന് ജിഎസ്ടി കൗൺസിൽ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ടെന്ന് നികുതി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഫെബ്രുവരിയിൽ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ, പാൻ മസാല, ഗുട്ഖ ബിസിനസുകളിലെ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചിരുന്നു.