ട്രംപിൻ്റെ തിരിച്ചുവരവ്, ചൈനീസ് വ്യാളി പത്തിമടക്കുന്നു; തകര്‍ന്നടിഞ്ഞ് യുവാനും ഓഹരി വിപണിയും

ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ചൈനീസ് ഓഹരി വിപണികള്‍ക്കും യുവാനും തിരിച്ചടിയാകുന്നത്.

China stocks, yuan slip amid likely return of Donald Trump as US President

യുഎസില്‍ ട്രംപ് ജയിച്ചുകയറുമ്പോള്‍ തകര്‍ന്നടിയുകയാണ് ചൈനീസ് ഓഹരി വിപണിയും ചൈനീസ് കറന്‍സിയായ യുവാനും. ബ്ലൂചിപ്പ് സൂചിക 0.27 ശതമാനവും ഹോങ്കോംഗ് വിപണികള്‍ 2.5 ശതമാനവും താഴ്ന്നു. ഹോങ്കോംഗില്‍ ലിസ്റ്റ് ചെയ്ത ചൈനയിലെ ടെക് കമ്പനികളുടെ ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത്. ഇ-കൊമേഴ്സ് ഭീമനായ ജെഡി ഡോട്ട് കോം 5 ശതമാനത്തിലധികം ഇടിഞ്ഞപ്പോള്‍ മെയ്തുവാനും അലിബാബയും യഥാക്രമം 4 ശതമാനത്തോളം ഇടിഞ്ഞു. ഡോളറിനെതിരെ യുവാന്‍റെ മൂല്യം 0.8 ശതമാനം താഴ്ന്നു. കഴിഞ്ഞ ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. പ്രചാരണസമയത്ത് തന്നെ തന്‍റെ ചൈന വിരുദ്ധ നിലപാട് ട്രംപ് വ്യക്തമാക്കിയിരുന്നു. ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ചൈനീസ് ഓഹരി വിപണികള്‍ക്കും യുവാനും തിരിച്ചടിയാകുന്നത്.

ഏതാനും  വര്‍ഷങ്ങളായി പ്രതിസന്ധി നേരിടുന്ന ചൈനീസ് ഓഹരി വിപണി വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ നിക്ഷേപത്തിന്‍റെ പിന്‍ബലത്തില്‍ തിരിച്ചുവരുന്നതിനിടെയാണ് ട്രംപിന്‍റെ വിജയം ഭീഷണിയുയര്‍ത്തുന്നത്. ചൈനീസ് കറന്‍സിയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് ചൈനയുടെ കേന്ദ്ര ബാങ്ക് തുടര്‍ച്ചയായി ഡോളര്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഡോളറിന്‍റെ ലഭ്യത കൂട്ടി ഡിമാന്‍റ് കുറയ്ക്കുന്നതിലൂടെ യുവാന്‍റെ മൂല്യം പിടിച്ചുനിര്‍ത്തുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്.

2018ല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്താന്‍ അന്നത്തെ ട്രംപ് ഭരണകൂടം തീരുമാനിച്ചതിനെത്തുടര്‍ന്ന് 5 ശതമാനം ഇടിവാണ് ചൈനീസ് കറന്‍സിയിലുണ്ടായത്. കൂടാതെ ചില ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളെ യുഎസില്‍ ബിസിനസ്സ് ചെയ്യുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടം തടഞ്ഞിരുന്നു. ചൈന യുഎസിലേക്ക് പ്രതിവര്‍ഷം 400 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സാധനങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. ട്രംപിന്‍റെ താരിഫ് നയങ്ങളും നികുതി നയങ്ങളും പണപ്പെരുപ്പത്തിന് കാരണമാകും. അതിനാല്‍ യുഎസ് പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താനും മറ്റ് കറന്‍സികളെ ദുര്‍ബലപ്പെടുത്താനും സാധ്യതയുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios