പയറുവർഗങ്ങളുടെ വില കുതിക്കുന്നു, പൂഴ്ത്തിവെയ്പ്പ് തടയാൻ നടപടിയുമായി കേന്ദ്രം
ആഴ്ചയിൽ രണ്ടുതവണ പയറുവർഗ്ഗങ്ങളുടെ സ്റ്റോക്ക് പ്രഖ്യാപിക്കാൻ സ്വകാര്യ വൻകിട ചില്ലറ വ്യാപാരികളോട് സർക്കാർ ആവശ്യപ്പെട്ടേക്കും
ദില്ലി: തുവര പരിപ്പ്, ചന കടല, എന്നിവയ്ക്ക് സെപ്റ്റംബർ വരെ സ്റ്റോക്ക് പരിധി ഏർപ്പെടുത്താൻ കേന്ദ്രം പദ്ധതിയിടുന്നതായി റിപ്പോർട്ട്. വിലക്കയറ്റവും വിളനാശവും വിതരണത്തെ ബാധിക്കുന്നതിനെക്കുറിച്ചുള്ള നിരന്തരമായ ആശങ്കകൾക്കിടയിൽ ആണ് നടപടി എന്നാണ് വിലയിരുത്തൽ.
ആഴ്ചയിൽ രണ്ടുതവണ പയറുവർഗ്ഗങ്ങളുടെ സ്റ്റോക്ക് പ്രഖ്യാപിക്കാൻ സ്വകാര്യ വൻകിട ചില്ലറ വ്യാപാരികളോട് സർക്കാർ ആവശ്യപ്പെട്ടേക്കും. കസ്റ്റം വെയർഹൗസുകളിൽ വൻതോതിൽ ഇറക്കുമതി ചെയ്ത പയറുവർഗ്ഗങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്ന സംശയത്തിൻ്റെ പശ്ചാത്തലത്തിൽ പൂഴ്ത്തിവയ്പ്പ് തടയാൻ ഇറക്കുമതി ചെയ്ത ചരക്ക് ഉൾപ്പടെ, എല്ലാ പയറുവർഗങ്ങളുടെയും പ്രതിവാര സ്റ്റോക്ക് വെളിപ്പെടുത്തൽ ഏപ്രിലിൽ നിർബന്ധമാക്കിയിട്ടുണ്ട്.
രാജ്യത്തുടനീളം വീശിയടിച്ച ഉഷ്ണതരംഗം കാർഷിക മേഖലയെ സാരമായി ബാധിച്ചിരുന്നു. ഇക്കാരണം കൊണ്ട് വരും ദിവസങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ചില അവശ്യസാധനങ്ങളുടെ ലഭ്യതയും വിലയും കേന്ദ്രം നിരീക്ഷിച്ചുവരികയാണ്
വില വർധന പിടിച്ചുനിർത്തുന്നതിന് കേന്ദ്രസർക്കാർ പയർവർഗങ്ങളുടെ ഇറക്കുമതി ഉടൻ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ആഭ്യന്തര വിപണിയിൽ പയറുവർഗ്ഗങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണിത്. കാബിനറ്റ് സെക്രട്ടേറിയറ്റ്, ധനമന്ത്രാലയം, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, കൃഷി, കർഷക ക്ഷേമ വകുപ്പ്, ഉപഭോക്തൃകാര്യ വകുപ്പ് എന്നിവയുൾപ്പെടെയുള്ള മറ്റ് വകുപ്പുകൾ വില നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തെ 570 മൊത്ത, ചില്ലറ വിൽപന കേന്ദ്രങ്ങളിൽ വില നിരീക്ഷണം നടത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും കേന്ദ്രം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു